ഇനി മുതല്‍ തളിപ്പറമ്പ് നഗരത്തില്‍ പാര്‍ക്കിംഗിന് ഫീസ്; രണ്ടാഴ്ച്ചക്കകം പദ്ധതി നടപ്പില്‍ വരും.

തളിപ്പറമ്പ: തളിപ്പറമ്പ് നഗരത്തില്‍ പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കാന്‍ ട്രാഫിക് റഗുലേറ്ററി അതോറിറ്റി സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. നഗരത്തിലെ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. രണ്ടാഴ്ചത്തെ പ്രാഥമിക നടപടികള്‍ക്ക് ശേഷം ഇത് നടപ്പില്‍ വരുത്താനും ധാരണയായി. തളിപ്പറമ്പ് നഗരത്തില്‍ അനധികൃത പാര്‍ക്കിംഗ് വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രാഫിക് റഗുലേറ്ററി അതോറിറ്റി സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദിന്റ അധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സില്‍ ഹാളിലാണ് യോഗം നടന്നത്. തളിപ്പറമ്പ നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യത്തെ ഒരു മണിക്കൂറിന് 10 രൂപയും കാറിന് 20 രൂപയും ഈടാക്കും. ഇതിന് രശീതും നല്‍കും. ഒരൂ മണിക്കൂറിനകം തിരികെ എത്തിയാല്‍ രശീത് വാങ്ങി തുക തിരികെ നല്‍കും. ഒരു മണിക്കൂറിനകം വരാത്ത പക്ഷം തുക ബന്ധപ്പെട്ട ഏജന്‍സി കൈപ്പറ്റും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും ഇരട്ടി തുക വീതം പാര്‍ക്കിംഗ് ഫീസായി ഈടാക്കാനും സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. രണ്ടാഴ്ച്ചക്ക് ശേഷം പദ്ധതി നടപ്പില്‍ വരുത്താനും ധാരണയായി. തളിപ്പറമ്പ് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിലും മാര്‍ക്കറ്റ് റോഡിലുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇത് കൂടാതെ കാക്കാത്തോട് റോഡ് പൂര്‍ണ്ണമായി നോ പാര്‍ക്കിംഗ് മേഖലയാക്കാനും, ഇവിടെ ഇന്റര്‍ലോക്ക് പതിപ്പിച്ച് മലയോര ബസ്റ്റാന്റാക്കാനും യോഗം തീരുമാനിച്ചു.

error: Content is protected !!