കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം: ആയിത്തറ മമ്പറം ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേര്‍തിരിവില്ലാതെ ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ആയിത്തറ മമ്പറം ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിയുടെ വരദാനമായ വായുവും വെള്ളവും വെളിച്ചവും പോലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ സ്വപ്നമെന്നും ആ ലക്ഷ്യം കൈവരിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചതുകൊണ്ടു മാത്രമാണ് താനിന്നൊരു ഫുട്ബോള്‍ കളിക്കാരനായതെന്ന് ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന ദേശീയ ഫുട്ബോള്‍ താരം സി കെ വിനീത് പറഞ്ഞു. ഒരു കുട്ടിയുടെ ഭാവി തീരുമാനിക്കുന്നത് അവന്റെ സ്‌കൂള്‍ കാലഘട്ടമാണെന്നും, അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണ താന്‍ പഠിക്കുന്ന സമയം ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകത്തിന് തന്നെ മികച്ച മാതൃകയാണെന്നും ഒരോ പൊതുവിദ്യാലയവും സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം മികച്ച കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും എഴുത്തുകാരന്‍ വിനോയ് തോമസ് പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍ പഠനോപകരങ്ങള്‍ വിതരണം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ പ്രസീത അക്ഷരവിത്ത് നടല്‍ ഉദ്ഘാടനം ചെയ്തു. യൂണിഫോം വിതരണം എച്ച്എസ്ഇ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി എസ് ശിവനും പാഠപുസ്തകവിതരണം ഡയറ്റ് പ്രിന്‍സിപ്പല്‍ പി യു രമേശനും നിര്‍വ്വഹിച്ചു. സ്‌കൂളിലെ 400 ഓളം പുതിയ വിദ്യാര്‍ഥികള്‍ക്കായി 70000 രൂപയുടെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളുമാണ് വിതരണം ചെയ്തത്. എസ്എസ്‌കെ ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ആര്‍ അശോകന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി നിര്‍മലാ ദേവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാരായി രാജന്‍, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ഷീല, വാര്‍ഡ് മെമ്പര്‍ തലക്കാടന്‍ ഭാസ്‌ക്കരന്‍, വിഎച്ച്എസ്സി എഡി വിനോദ് കുമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ രതീഷ് കാളിയാടന്‍, മട്ടന്നൂര്‍ എഇഒ എ പി അംബിക, മട്ടന്നൂര്‍ ബി പി ഒ എ വി രതീഷ്, പി ടി എ പ്രസിഡന്റ് പി ബാബു, എസ്എംസി ചെയര്‍മാന്‍ പി അബ്ദുല്‍ റഷീദ്, സീനിയര്‍ അസിസ്റ്റന്റ് എന്‍ കനകമണി, സ്റ്റാഫ് സെക്രട്ടറി പി വി ശ്രീജിത്ത്, ഹെഡ്മാസ്റ്റര്‍ കെ എം സുനില്‍ കുമാര്‍, കുന്നുമ്പ്രോള്‍ വാസു, കെ കെ മുകുന്ദന്‍ മാസ്റ്റര്‍, കെ ബി പ്രജില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ സ്‌കൂള്‍ വിദ്യാര്‍ഥിനി ആവണി മനോജ് ചൊല്ലി കൊടുത്തു.

error: Content is protected !!