എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ ഇങ്ങനെ ഹോണടിക്കുന്നത്?

ഹോണ്‍ ഹോണ്‍ ഹോണ്‍ ….അടിക്കണോ?

വിദേശത്തെയും ഇന്ത്യയിലെയും ടൌണിലേക്ക് ഇറങ്ങിയാല്‍ ആദ്യം തിരിച്ചറിയുന്ന വ്യത്യാസം ഇവിടുത്തെ കാതപ്പിക്കുന്ന ഹോണടികള്‍ തന്നെയാണ്. ഹോണടിയെക്കുറിച്ചുള്ള ചില പോസ്റ്റുകളും ബന്ധപ്പെട്ട കമന്റും ആണ് ഇതെഴുതാന്‍ ഓര്‍മ്മിപ്പിച്ചത്.

യൂറോപ്പില്‍ ഹോണ്‍ അടിച്ചാല്‍ തെറി വിളിക്കുന്നതിനു തുല്യമാണ്. ഇവിടെ അങ്ങനെയല്ല. എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ ഇങ്ങനെ ഹോണടിക്കുന്നത്? ഉത്തരം ലളിതം. ഇവിടെ ആരും ഡ്രൈവിംഗ് ശരിയായി പഠിക്കുന്നില്ല. ആരും മര്യാദക്ക് വാഹനം ഓടിക്കുന്നില്ല. അപ്പോള്‍ സ്വയം രക്ഷപ്പെടാനായി എല്ലാവരും ഇങ്ങനെ ഹോണടിക്കുന്നു. ഇതൊരു ശീലമായി.

“ഇവിടെ ഇങ്ങനെ ഹോണടിചില്ലെങ്കില്‍ പണി കിട്ടും”! ഇങ്ങനെയുള്ള വാദങ്ങളില്‍ വലിയ കാര്യമില്ല. ഇതിനു ഉത്തരം എന്റെ അനുഭവം തന്നെയാണ്. ഇന്ത്യയില്‍ കേരളത്തിലും പുറത്തും ഞാന്‍ സ്ഥിരമായി ഡ്രൈവ് ചെയ്യുന്നുണ്ട്. ഞാന്‍ ഹോണ്‍ അടിക്കുന്നത് വളരെ വളരെ അപൂര്‍വ്വമാണ്. യൂറോപ്പില്‍ ഏഴുവര്ഷം ഡ്രൈവ് ചെയ്തതാണ് ഈ സ്വഭാവസവിശേഷതക്ക് കാരണം. സത്യത്തില്‍ എന്റെ വണ്ടിയുടെ ഹോണ്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഞാന്‍ അക്കാര്യം അറിയാനുള്ള സാധ്യത തന്നെ വളരെ കുറവാണ്.

ഹോണ്‍ അടിക്കാതെ എങ്ങനെ ഓടിക്കാം? ഇതാണിവിടെ എഴുതുന്നത്‌.

1) നിങ്ങള്‍ ഡ്രൈവ് ചെയ്യുന്ന റോഡില്‍ ഒരാള്‍ റോഡ്‌ മുറിച്ചുകടക്കുന്നു. ഇവിടെ നിങ്ങള്‍ ഹോണ്‍ അടിക്കുന്നത് തീര്‍ത്തും അനാവശ്യം. കാരണം നിങ്ങള്‍ അയാളെ കണ്ടുകഴിഞ്ഞു. അയാള്‍ നിങ്ങളെ കണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രശ്നമല്ല. Remember: Because (s)he is more vulnerable. Therefore, you have to act. നിങ്ങള്‍ ചെയ്യേണ്ടത് വേണമെങ്കില്‍ കാല്‍ മെല്ലെ ബ്രെയിക്കിലെക്ക് കൊണ്ടുപോകുകയാണ്. ഇനി അയാള്‍ നിങ്ങളെ കാണാതെ ഇടക്ക് റോഡില്‍ നില്‍ക്കുകയാണ്. എങ്കില്‍ നിങ്ങള്‍ വാഹനം നിര്‍ത്തണം. നിര്‍ത്തിയ ശേഷം മാത്രം നിങ്ങള്‍ക്ക് ചെറുതായി ഹോണ്‍ അടിക്കാം. അതിനുമുന്‍പ്‌ അടിക്കുന്നത് ധാര്‍ഷ്ട്യമാണ്. റോഡ്‌ നിങ്ങളുടെ തറവാട്ടുവകയാണെങ്കില്‍ അതിനു മുന്‍പേ അടിക്കാം. Remember: His action is unexpected. Therefore, there can be an unexpected reason for him/her. ഈ പറഞ്ഞ കാര്യം ആളുകള്‍ മാത്രമല്ല, മറ്റൊരു വാഹനം റോഡ്‌ ക്രോസ് ചെയ്യുമ്പോഴും നിങ്ങള്‍ ഹോണ്‍ അടിക്കേണ്ട കാര്യമില്ല.

2) നിങ്ങള്‍ ഡ്രൈവ് ചെയ്തു ഒരു കവലയില്‍ എത്തുന്നു. ആ കവലയിലൂടെ കടന്നുപോകുമ്പോള്‍ രണ്ടു ഹോണ്‍ അടിക്കുന്നു. തീര്‍ത്തും അനാവശ്യം. കവലയില്‍ എത്തുമ്പോള്‍ (ഒരല്പം മുന്‍പേ) ഇടതും വലതും നോക്കുക. വേഗത കുറയ്ക്കുക. വലതു വശത്ത് നിന്നും വരുന്ന വാഹനത്തെ കടന്നു പോകാന്‍ അനുവദിക്കുക – കാരണം അതാണ്‌ നിയമം. (ആ ചങ്ങായിക്ക് നിങ്ങള്‍ എന്തിനാണ് അയാളെ പോകാന്‍ അനുവദിച്ചത് എന്നൊന്നും മനസിലാകില്ല). എന്നുവച്ച് ഇടതു വശത്ത് നിന്നും വരുന്ന വാഹനത്തെ കടത്തിവിടാതെ എനിക്കാണല്ലോ മുന്‍ഗണന എന്ന ഭാവത്തില്‍ കടക്കാന്‍ ശ്രമിക്കരുത്. ഇടതുനിന്നും വരുന്ന ചങ്ങായിക്കും ഈ നിയമം അറിയാന്‍ വഴിയില്ല എന്നോര്‍ക്കുന്നത് നന്നായിരിക്കും. അതുകൊണ്ട് ഇരുഭാഗത്തും ഒന്ന് ശ്രദ്ധിച്ചു കടന്നുപോകുക. ഹോണിന്റെ ഒന്നും ആവശ്യമില്ല. Remember: I have tested this OK so many time.

3) നിങ്ങള്‍ക്ക് എതിരെ ഒരു വാഹനം വരുന്നു. ഇവിടെ നിങ്ങള്‍ ഹോണ്‍ അടിക്കുന്നത് മഹാതെമ്മാടിത്തരമാണ്. കാരണം അയാളും നിങ്ങളെ കണ്ടു. നിങ്ങള്‍ അയാളെയും കണ്ടു. പിന്നെ എന്താണ് ചങ്ങായി ഹോണ്‍? Remember: After mutual understanding don’t make any noise.

4) നിങ്ങള്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നു. അങ്ങനെ മറികടക്കാന്‍ ആവശ്യത്തിന് സ്ഥലം അയാളുടെ വലതു വശത്ത് ഉണ്ടെങ്കില്‍ അങ്ങ് കടന്നാല്‍ പോരെ? നിങ്ങള്‍ കടക്കുന്ന കാര്യം ആ വാഹനത്തിലെ എല്ലാവരെയും നാട്ടുകാരെയും അറിയിക്കണോ? ആളുകള്‍ ഏറ്റവും കൂടുതല്‍ ഹോണ്‍ അടിക്കുന്ന അവസരം ഇത് തന്നെയാണ്. തീര്‍ത്തും അനാവശ്യം. ഇനി ഇങ്ങനെ കടക്കുമ്പോള്‍ വലതു വശത്ത് സ്ഥലം ഒരല്പം കുറവാണെങ്കില്‍, ആ ഡ്രൈവര്‍ അശ്രദ്ധമായി വലത്തേക്ക് വെട്ടിച്ചാലോ എന്നൊക്കെ സംശയം ഉണ്ടെങ്കില്‍ മാത്രം ചെറുതായി ഒരു ഹോണ്‍ അടിക്കാം. (കാരണം ഇവിടെ ഡ്രൈവര്‍മാര്‍ പലപ്പോഴും കണ്ണാടിയില്‍ നോക്കാതെ സൈഡിലേക്കു വാഹനം നീക്കാറുണ്ട്.) Remember: Carefully watch others before you act.

5) ട്രാഫിക് ലൈറ്റ് തെളിയുമ്പോള്‍. ഇവിടെ ഹോണ്‍ അടിക്കുന്നതും തീര്‍ത്തും ഊളത്തരമാണ്. നിങ്ങളെപ്പോലെ നിങ്ങളുടെ മുന്‍പില്‍ കിടക്കുന്ന വാഹനവും പെട്ടന്ന് പോകാന്‍ വേണ്ടി വെമ്പല്‍ കൊള്ളുകയാണ്. എന്നിട്ടും അത് പെട്ടന്ന് പോകുന്നില്ലെങ്കില്‍ ആ വാഹനത്തിന്റെയും മുന്‍പില്‍ മറ്റൊരു വാഹനം ഉണ്ടാകും. അവയെല്ലാം മെല്ലെ പൊയ്ക്കൊള്ളും. ട്രഫ്ഫിക് ലൈറ്റ് തെളിയുമ്പോള്‍ വാഹനങ്ങള്‍ നീങ്ങുന്നത്‌, പറഞ്ഞാല്‍, ചവച്ച ഒരു ചുയിംഗം വലിച്ചുനീട്ടുന്നത് പോലെയാണ്. വലിക്കുന്ന ഭാഗത്ത് പെട്ടന്ന് വലിയും. പുറകോട്ടു മെല്ലെയേ വലിയൂ. ഇതുപോലെ നിങ്ങള്‍ ട്രാഫിക്കില്‍ ഒരല്പം പുറകിലാനെങ്കില്‍ നിങ്ങളുടെ ഊഴം എത്താന്‍ ഒരല്പം സമയമെടുക്കും.Remember: Every dog has its day.

6) നിങ്ങളുടെ മുന്‍പില്‍ ഒരു വാഹനം റോഡില്‍ നടുക്ക് നിര്‍ത്തുന്നു. പുറകില്‍ കിടന്നു ഹോണ്‍ അടിക്കണ്ട. Remember: An unexpected behaviour is due to some unexpected reasons.

7) മുന്‍പേ പോകുന്ന വാഹനം ഇടക്ക് വച്ച് നില്‍ക്കുന്നു. ഓഫ് ആകുന്നു. ഇവിടെ ഒരിക്കലും ഹോണ്‍ അടിക്കരുത്. കാരണം അതില്‍ ഇരിക്കുന്നത് പുതുതായി പഠിച്ച ഒരാള്‍ ആയിരിക്കും. നിങ്ങളുടെ ഹോണ്‍ അയാളെ കൂടുതല്‍ സ്ട്രെസ് ചെയ്യും. വീണ്ടും ആ വാഹനം ഓഫ് ആകും. കൂടുതല്‍ താമസിക്കും. Remember: Be calm and wait.

8) ഒരു ബസ് അല്ലെങ്കില്‍ സ്കൂള്‍ ബസ് നിര്‍ത്തിയിരിക്കുന്നു. അതിനെ മറികടക്കുമ്പോള്‍ ഹോണ്‍ അടിച്ചില്ലെങ്കില്‍ മോശമല്ലേ? തീര്‍ത്തും അനാവശ്യം. ഇവിടെ നിങ്ങള്‍ മാന്യനാണെങ്കില്‍ ചെയ്യേണ്ടത് നിങ്ങളുടെ വേഗത കുറയ്ക്കുക എന്നതാണ്. അതുപോലെ ബസ്സിനെ മറികടക്കുന്നതിന് മുന്‍പേ, ബസ്സിന്റെ അടിയിലൂടെ മുന്‍പിലേക്ക് നോക്കി, ബസ്സില്‍ നിന്നും ഇറങ്ങിയ ആരെങ്കിലും റോഡ്‌ മുറിച്ചുകടക്കാന്‍ വരുന്നുണ്ടോ എന്ന് പരിശോധിക്കണം. Remember: Timely breaking is important; honking is not.

ഇത്രയൊക്കെ വായിച്ചിട്ടും, ഇതൊക്കെ ഇവിടെ നടക്കില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നെങ്കില്‍, ഒന്ന് ട്രൈ ചെയ്തു നോക്കൂ സാര്‍. ഇനി ടൌണിലേക്ക് ഇറങ്ങുമ്പോള്‍ ഇന്ന് എന്ത് വന്നാലും ഞാന്‍ ഹോണടിക്കില്ല എന്നൊന്ന് വാശിപിടിച്ചു നോക്കൂ. നിങ്ങള്‍ പേടിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല.


എഴുതിയത് ദിലീപ് മമ്പള്ളില്‍.
Assistant Professor at IISER Tirupati

error: Content is protected !!