പ്രളയത്തെ അതിജീവിച്ച് കുട്ടനാട് : എസ്.എല്‍.സി പരീക്ഷയിൽ കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല സംസ്ഥാനത്ത് ഒന്നാമത്.

ആലപ്പുഴ  : അതിജീവനത്തിൻറെ വിജയ പാഠമാണ് കുട്ടനാടിൻറെ എസ്.എസ്.എല്‍.സി പരീക്ഷഫലം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. 99.91 ശതമാനം വിജയമാണ് നേടിയത്.പ്രളയം അപ്പാടെ തകര്‍ത്ത കുട്ടനാട്ടില്‍ എസ്.എസ്.എല്‍.സി വിജയം ഇരട്ടി മധുരമാണ് സമ്മാനിച്ചത്. അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 31 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയിച്ചത്.

25 ദിവസം അടഞ്ഞു മുങ്ങി കിടന്ന സ്കൂളുകൾ, കുതിർന്ന് ഒലിച്ച് പോയ പാഠപുസ്തകങ്ങൾ, ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം .ബാക്കി കിട്ടിയ ദിവസം കൊണ്ട് നേടിയെടുത്തതാണ് അതിജീവനത്തിന്റെ ഈ തിളങ്ങുന്ന ഈ മാർക്ക് ഷീറ്റ്.ഇത് പ്രളയ നാളുകളിലെ ദുരിതങ്ങളെ മറക്കത്തക്ക നിലയിൽ ഉള്ള നേട്ടമാണെന്ന് ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് സെൻട്രൽ പി.ടി.എ മുൻ വൈസ്പ്രസിഡന്റ് ഡോ.ജോൺസൺ ഇടിക്കുള ന്യൂസ് വിങ്ങ്സിനോട് പറഞ്ഞു.

പ്രളയത്തെ അതിജീവിച്ച് എസ്.എസ്.എല്‍.സി പരീക്ഷയിൽ ആലപ്പുഴ പ്രളയത്തിന് ശേഷം സ്കൂളുകൾ ഉപയോഗ്യയോഗ്യമാക്കാൻ തന്നെ ദിവസങ്ങൾ വേണ്ടിവന്നു. ഇതിനിടയിൽ എസ് എസ് എൽ സി വിദ്യാർത്ഥികളടക്കമുള്ളവരുടെ ക്‌ളാസുകൾ ദിവസങ്ങളോളം നഷ്ടമായി . പക്ഷേ പ്രളയത്തിൽനിന്നും ഒന്ന് കരകയറിയപ്പോൾ ഓരോ സ്കൂളിലെയും അധ്യാപകർ മുഴുവൻ പിന്തുണയുമായി വിദ്യാർത്ഥികൾക്കൊപ്പം നിന്നു. നഷ്ട്ടപെട്ട പാഠപുസ്തകങ്ങക്ക് പകരം ചില അധ്യാപകരുടെ കയ്യിൽ സുരക്ഷിതമായി ഉണ്ടായിരുന്ന പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്താണ് പിന്നീടുള്ള ദിവസങ്ങളിൽ കുട്ടനാട്ടിലെ കുട്ടികൾ പഠിച്ചത്. അധ്യാപകർ നൽകിയ മനോധൈര്യവും ,രക്ഷിതാക്കളുടെ പിന്തുണയുമാണ് കുട്ടനാടിൻറെ കുട്ടികൾക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. ഒപ്പം നിന്ന വിദ്യാഭ്യാസ വകുപ്പിന് നന്ദി പറയുകയാണ് ഒരോ സ്കൂൾ അധികൃതരും .

33 സ്കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയ 2114 വിദ്യാര്‍ത്ഥികളില്‍ 2112 വിദ്യാര്‍ത്ഥികളും വിജയിച്ചു. ആൺ കുട്ടികൾ 11 20, പെൺകുട്ടികൾ 994. പെൺകുട്ടികളുടേത് സമ്പൂർണ വിജയമാണ്.150 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. തലവടി ജി.വി.എച്ച്.എസ്.എസ്., കുപ്പപ്പുറം ജി.എച്ച്.എസ്.എസ്., മങ്കൊമ്പ് അവിട്ടം തിരുനാള്‍ ജി.വി.എച്ച്.എസ്.എസ്., കരുമാടി കുഞ്ചുപിള്ള സ്മാരക ജി.എച്ച്.എസ്., കൊടുപ്പുന്ന ജി.എച്ച്.എസ് എന്നീ സര്‍ക്കാര്‍ സ്‌കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയും മറ്റം സെന്റ് ജോൺസ് സ്കൂൾ വിദ്യാർത്ഥിനിയുമായ കെസിയ സൂസൻ ചെറിയാനും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിന് തുടര്‍ച്ചയായി ഒന്‍പതാം തവണയും നൂറ് ശതമാനം വിജയം. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 120 കുട്ടികളും ഉന്നത നിലവാരത്തിലാണ് വിജയിച്ചത്. നാലു കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സും മൂന്നു കുട്ടികള്‍ക്ക് ഒന്‍പത് എ പ്ലസ്സും ഏഴ് കുട്ടികള്‍ക്ക് എട്ട് എ പ്ലസ്സും കരസ്ഥമാക്കി.സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു ചൂരവടി പി.ടി.എ. പ്രസിഡണ്ട് സേവ്യര്‍ മാത്യു നെല്ലിക്കല്‍ പ്രധാനാധ്യാപകന്‍ തോമസുകുട്ടി മാത്യു എന്നിവര്‍ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നു .

കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ ഉന്നത വിജയത്തിന് കഠിനാധ്വാനം ചെയ്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും അധ്യാപക രക്ഷകര്‍തൃ സമിതിയെയും അനുമോദിച്ചു.

error: Content is protected !!