‘മത്തിക്ക് കിലോ 200 രൂപ മാത്രം’ ; ചുട്ടുപൊള്ളി മത്സ്യ വിപണി

സംസ്ഥാനത്ത് മത്സ്യത്തിന് വില കൂടുന്നു. താരതമ്യേന വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും വരെ വന്‍ വിലയാണ് വിപണിയില്‍. കടല്‍ക്ഷോഭം കാരണം മത്സ്യബന്ധനം തടസ്സപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാന്‍ കാരണം. വിലക്കയറ്റം കാരണം മത്സ്യം വാങ്ങാന്‍ ആളുകള്‍ എത്താത്തതിനാല്‍ തൊഴിലാളികളും പ്രയാസത്തിലാണ്.

40 രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന മത്തിക്ക് മാര്‍ക്കറ്റില്‍ 200 രൂപയിലധികമാണ് ഇന്നത്തെ വില. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല തീവില കൊടുത്താലും കിട്ടാനില്ല. ചൂടുകൂടിയതോടെ തീരക്കടലില്‍ നിന്ന് മത്സ്യങ്ങള്‍ അകന്നു നില്‍ക്കുന്നത് കാരണം പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ അളവില്‍ മാത്രമെ മത്സ്യം ലഭിക്കുന്നുള്ളു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് മീന്‍ കിട്ടാത്തതാണ് വിലകൂടുന്നതിന് കാരണ‌ം.

വിലകൂടിയതോടെ ആളുകള്‍ മത്സ്യം വാങ്ങുന്നതിന്റെ അളവ് കുറച്ചു. ഇതോടെ ഈ മേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രയാസത്തിലായത്.‌ വന്‍കിട മത്സ്യക്കമ്പനികളുടെ ഇടപെടലുകളും പ്രശ്നം ഉണ്ടാക്കുന്നതായി ആരോപണമുണ്ട്. ഇത്തരം കമ്പനികള്‍ കൂറ്റന്‍ ഫ്രീസറില്‍ മത്സ്യം സൂക്ഷിച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതായും ആരോപണമുണ്ട്.

error: Content is protected !!