വി പി സത്യന്റെ സ്‌മരണയ്‌ക്ക്‌ സർക്കാർ ചൊക്ലിയിൽ അന്താരാഷ്‌ട്ര സ്‌റ്റേഡിയം നിർമ്മിക്കും : മന്ത്രി ഇ പി ജയരാജൻ

അതുല്യപ്രതിഭ ഫുട്‍ബോളർ വി പി സത്യന്റെ ജന്മനാടായ ചൊക്ലിയിൽ അന്താരാഷ്‌ട്ര സ്‌റ്റേഡിയം നിർമ്മിക്കും. ചൊക്ലി മേക്കുന്നിൽ നിർമിച്ച വി പി സത്യൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്‌ത്‌ മന്ത്രി ഇ പി ജയരാജനാണ്‌ ഇക്കാര്യം അറിയിച്ചത്‌. കായിക രംഗത്ത് വേറിട്ട ഒരു സംസ‌്കാരം  രൂപപ്പെടുത്താനും നടപ്പിൽ വരുത്താനും പരിശ്രമിച്ച  താരങ്ങളിൽ പ്രധാനിയായിരുന്നു സത്യൻ. നമ്മുടെ കായിക സംസ‌്കാരം കാത്തുസൂക്ഷിക്കാൻ  സത്യന്റെ ജീവിതം പ്രചോദനമാവുമെന്ന‌് മന്ത്രി പറഞ്ഞു.

ചൊക്ലിയിൽ സത്യന്റെ സ്‌മരണക്കായി സ്‌റ്റേഡിയം എന്ന ആശയം മുന്നോട്ടുവച്ചത്‌ കൂത്തുപറമ്പ് വെടിവയ‌്പ്പിൽ  ജീവിക്കുന്ന രക്തസാക്ഷി പുഷ്പനായിരുന്നു. അന്നുതന്നെ അത് പരിഗണിച്ചതാണ്. ഇപ്പോൾ വി പി സത്യൻ സ‌്മാരക ട്രസ്റ്റിന്റെ ഭാരവാഹികളും ഇതേ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു .

പുതുതലമുറയ്ക്കു സത്യനെ അഭ്രപാളികളിലൂടെ പരിചയപ്പെടുത്തിയ ക്യാപ്റ്റൻ എന്ന സിനിമയെയും അതിന്റെ നായകൻ ജയസൂര്യയെയും അണിയ പ്രവർത്തകരെയും മന്ത്രി  അഭിനന്ദിച്ചു. സിനിമാ താരം ജയസൂര്യ മുഖ്യാതിഥിയായി. സ്മാരക മന്ദിരം വർക്കിങ്‌  ചെയർമാൻ സൈനുൽ ആബിദീൻ അധ്യക്ഷനായി. റാനിയ നാസർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.  എ എൻ ഷംസീർ വി പി സത്യന്റെ ഫോട്ടോ അനാഛാദനം ചെയ്തു. ട്രഷറർ എം കെ മധുസൂദനൻ റിപ്പോർട്ടവതരിപ്പിച്ചു.

ട്രസ്റ്റിന്റെ മുതിർന്ന പ്രവർത്തകരായ ഡോ. പി കെ സുധാകരൻ, കെ കെ മുഹമ്മദ്, കെ അനന്തൻ, വി പി നാരായണൻ നായർ എന്നിവരെ  മന്ത്രി ആദരിച്ചു. സത്യന്റെ ഭാര്യ അനിത, മകൾ ആതിര, ഫുട‌്ബോൾ താരങ്ങളായ  ഐ എം വിജയൻ, യു ഷറഫലി, പ്രജേഷ് സെൻ, സി കെ വിനീത്, അനസ് എടത്തൊടിക, വി പി ഷാജി, രാഹുൽ വി രാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മുൻ മന്ത്രി കെ പി മോഹനൻ, പാനൂർ നഗരസഭാ ചെയർമാൻ കെ വി റംല, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി കെ രാകേഷ്, അഡ്വ. കെ എ ലത്തീഫ്, എം പി സുമേഷ്, വി ഉദയൻ, ഷാനിദ് മേക്കുന്ന‌് എന്നിവർ സംസാരിച്ചു.  ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ സി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

error: Content is protected !!