ധോണി ഷോ ഫലിച്ചില്ല ; പിഴയും ലഭിച്ചു

എം.എസ്.ധോണിക്ക് എന്തും ആകാമോ… ഇതാണ് ക്രിക്കറ്റ് ലോകത്തും നവമാധ്യമങ്ങളിലും നിലവിൽ ഉയരുന്ന ചോദ്യം.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയുണ്ടായ “നോബോൾ’ വിവാദവുമായി ബന്ധപ്പെട്ട് നടന്ന “ധോണി ഷോ’യിൽ താരത്തിന് ഐപിഎൽ അച്ചടക്ക സമിതി മാച്ച് ഫീസിന്‍റെ 50 ശതമാനം പിഴയിട്ടു. എന്നാൽ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അംപയർമാരോട് കയർത്ത ധോണിക്ക് വിലക്ക് ഉൾപ്പടെയുള്ള കടുത്ത ശിക്ഷ നൽകണമെന്ന് വാദിക്കുന്നവരും ഏറെയാണ്.

വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയായിരുന്നു കളിക്കളത്തിൽ “കൂൾ’ എന്ന വിളിപ്പേരുള്ള ധോണിയുടെ “ഹോട്ട് ലുക്ക്’ കണ്ടത്. ബെൻ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ അംപയർ നോബോൾ വിളിച്ച ശേഷം പിൻവലിച്ചതാണ് ധോണിയെ ചൊടിപ്പിച്ചത്. ക്രീസിലുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജ അംപയർമാരോട് തർക്കിക്കുന്നതിനിടെ നാടകീയമായി ധോണി ഗ്രൗണ്ടിലിറങ്ങുകയായിരുന്നു.

അംപയർമാരുടെ അടുത്തെത്തി ക്ഷുഭിതനായി സംസാരിച്ച ധോണി രാജസ്ഥാൻ താരം സ്റ്റോക്സിനോടും തർക്കിക്കുന്നുണ്ടായിരുന്നു. അംപയർമാർ തീരുമാനം മാറ്റില്ലെന്ന് മനസിലാക്കിയ ധോണി കളം വിട്ടെങ്കിലും വളരെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. എന്നാൽ അവസാന പന്തിൽ സിക്സർ നേടി മത്സരം ചെന്നൈ ജയിച്ചതോടെ ധോണിയുടെ മുഖത്ത് ചിരി വിടരുകയും ചെയ്തു.

അതിനിടെ മത്സരശേഷം നടന്ന അഭിമുഖത്തിൽ വിവാദങ്ങളെക്കുറിച്ച് ധോണിയോട് ചോദ്യങ്ങളുന്നയിക്കാതിരുന്ന മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ മുരളി കാർത്തിക്കിനെതിരേയും ക്രിക്കറ്റ് ലോകത്ത് വിമർശനം ശക്തമാണ്. എല്ലാവർക്കും ധോണി ഫിയർ ആണെന്നും ധോണിക്ക് എന്തുമാകാമോ എന്നുമാണ് വിമർശകരുടെ ചോദ്യം. ധോണി ഷോ ലെവൽ രണ്ട് കുറ്റമായി കണക്കാക്കിയാണ് അച്ചടക്ക സമിതി പിഴ ശിക്ഷ വിധിച്ചത്.

error: Content is protected !!