ഇന്നും നാളെയും കണ്ണൂരിൽ മഹാശുചീകരണം

കാലവര്‍ഷാരംഭത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് സംസ്ഥാനത്ത് ഇന്നും നാളെയും (മെയ് 11, 12) വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ‘ആരോഗ്യ ജാഗ്രത പ്രതിദിനം പ്രതിരോധം’ എന്ന ആശയം നടപ്പാക്കുകയും പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുകയും ലക്ഷ്യമിട്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് പരിസരം ശുചീകരിച്ച് നടന്നു.

പകര്‍ച്ചവ്യാധികളായ എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

വാര്‍ഡ് തലങ്ങളിലുള്ള സാനിറ്റേഷന്‍ സമിതികളുടെ നേതൃത്വത്തില്‍ 50 വീടുകളുടെ ചുമതല ഒരു സ്‌ക്വാഡിന് എന്ന രീതിയില്‍ ആരോഗ്യ സേന രൂപീകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവയും ശുചീകരിക്കും. സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, മുന്‍ എംഎല്‍എ എം വി ജയരാജന്‍, എഡിഎം ഇ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. എം കെ ഷാജ്, ഡോ. കെ ടി രേഖ, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമസേഖരന്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!