കൊട്ടിയൂർ വൈശാഖോത്സവത്തിന് വിപുലമായ സൗകര്യം ഒരുക്കി കൊട്ടിയൂർ ദേവസ്വം.

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനായി കൊട്ടിയൂരിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയതായി കൊട്ടിയൂർ ദേവസ്വം. പ്രളയത്തിൽ ഭീമമായ നാശനഷ്ടമാണ് ദേവസ്വത്തിന് സംഭവിച്ചതെങ്കിലും ഭക്തജനങ്ങൾക്ക് ദർശനത്തിനായി അതിവിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ കേളകത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അക്കരെ സന്നിധാനത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള അവകാശികളുടെ കയ്യായാലകൾ പുറകോട്ട് നീക്കി ഭക്തജനങ്ങൾക്ക് തിരുവഞ്ചിറയിൽ നിൽക്കുന്നതിനുള്ള സൗകര്യം വിപുലപ്പെടുത്തിയിട്ടുണ്ട്. തിരുവഞ്ചിറക്ക് പുറത്ത് പെയ്യുന്ന മഴവെള്ളം പവിത്രമായ തിരുവഞ്ചിറയിലേക്ക് എത്താതിരിക്കാൻ കിഴക്കേനട മുതൽ വടക്കേ നട വരെ ഡ്രയ്‌നേജ് പണി പൂർത്തിയായി വരുന്നു. പന്ന്യാംമലയിലെ ജലസ്രോതസിൽ നിന്ന് പൈപ്പ് വഴി ശുദ്ധജലം തിരുവഞ്ചിറയിൽ എത്തിക്കുന്നുമുണ്ട്. പ്രളയത്തിൽ പുഴകൾ വളരെയധികം താണുപോയതിനാൽ ഇടബാവലിയിൽ കൽപ്പടവുകൾ കെട്ടി ഭക്തജനങ്ങൾക്ക് കുളിക്കുന്നതിനും പുഴയിലിറങ്ങുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ടോയ്‌ലറ്റ് ബ്ലോക്കുകൾ, വിശ്രമ മന്ദിരങ്ങൾ സ്ത്രീകൾക്ക് വസ്ത്രം മാറുവാനുള്ള ഷെഡുകൾ എന്നിവയും പൂർത്തീകരിച്ച് വരികയാണ്. ഉത്സവ നഗരിപൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് കൊട്ടിയൂർ ദേവസ്വം, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹരിതസേനയുമായി ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ ദേവസ്വം ഇൻസിനേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഉത്സവ നഗരി ലഹരി വിമുക്തമാക്കുന്നതിന് എക്‌സൈസ് വകുപ്പും വിപുലമായ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രസാദമായി ലഭിക്കുന്ന നെയ് പായസം സീൽഡ് പേപ്പർ കണ്ടെയ്‌നറിലും ആടിയ നെയ് പാക്കിംഗ് ഫിലിമിലും നിറച്ച് വിതരണം ചെയ്യുന്നതിന് യന്ത്ര സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് വാക്കി ടോക്കി സംവിധാനവും തിരുവഞ്ചിറയിൽ എക്‌സ് സർവീസ് ജവാന്മാരുടെ സേവനവും ലഭ്യമാക്കും. വൈദ്യുതി തടസം ഉണ്ടാവാതിരിക്കാൻ ജനറേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.ഇക്കരെ അന്നദാന സ്ഥലത്ത് ഭക്തജനങ്ങൾക്ക് സുഗമമായി അന്നദാന പ്രസാദം സ്വീകരിക്കുന്നതിനായി പ്രത്യേക ക്യൂ കോംപ്ലക്‌സ് സംവിധാനത്തിന്റെ നിർമ്മാണവും പൂർത്തിയായി വരികയാണ്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദേവസ്വം വഴിപാട് കൗണ്ടർ ദേവസ്വം ഓഫീസ്, മറ്റ് ദേവസ്വം സ്ഥാപനങ്ങൾ എന്നിവ പൂർണമായും കമ്പ്യൂട്ടർവത്കരിച്ചു കഴിഞ്ഞു. പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തുന്നതിനായി പഞ്ചായത്ത് മറ്റ് ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ എന്നിവ പ്രയോജനപ്പെടുത്തും.വാർത്താ സമ്മേളനത്തിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി.ബാലൻ നായർ ,ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ മഞ്ജിത്ത് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!