മസൂദ് അസറിനെ ഐക്യ രാഷ്ട്ര സഭ ആഗോളഭീകരനായി പ്രഖ്യാപിച്ചു; മുമ്പ് നാലു തവണ തടസം നിന്നത് ചൈന.

ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ആഗോളഭീകരനായി പ്രഖ്യാപിച്ചു. ഇതിനു മുമ്പ് നിരവധി തവണ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നിൽ വന്നിട്ടുണ്ടെങ്കിലും അന്നെല്ലാം വില്ലനായി നിന്നത് ചൈന ആയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷവും മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം യു എൻ രക്ഷാസമിതിയുടെ മുമ്പിലെത്തിയിരുന്നു. എന്നാൽ, മാർച്ചിലും ഈ വിഷയം പരിഗണിച്ചപ്പോൾ മസൂദ് അസറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വെച്ചത്.

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യത്തിനുമേൽ നാലാമതും തുരങ്കം വെയ്ക്കുന്ന നിലപാടായിരുന്നു മാർച്ചിൽ ചൈന സ്വീകരിച്ചത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നായിരുന്നു ചൈനയുടെ നിലപാട്. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടു പോകരുതെന്നും പാകിസ്ഥാനെയും കൂടി പരിഗണിച്ച് ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്ര സഭ സ്വീകരിക്കാവൂ എന്നായിരുന്നു ചൈന മാർച്ചിൽ പറഞ്ഞത്.

മാർച്ചിന് മുമ്പ് മൂന്നുതവണ ഇതേ ആവശ്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിക്ക് മുമ്പിൽ വന്നെങ്കിലും അപ്പോഴെല്ലാം ചൈന തടസം നിന്നു. പ്രമേയം വന്നപ്പോഴെല്ലാം വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടയുകയായിരുന്നു. അതേസമയം, അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം ആയിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ സമ്മർദ്ദം ചെലുത്തിയതാണ് ഇത്തവണ ചൈന എതിർപ്പ് പിൻവലിക്കാൻ കാരണമായത്.

error: Content is protected !!