പിലാത്തറയിൽ കള്ള വോട്ട് ചെയ്ത മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.

കണ്ണൂർ∙ പരിയാരം പിലാത്തറ യുപി സ്കൂളിലെ 19-ാം ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. ചെറുതാഴം പഞ്ചായത്ത് അംഗം സലീന, മുൻ പഞ്ചായത്ത് അംഗം സുമയ്യ, പത്മിനി ദേർമാൽ എന്നിവർക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. ഐപിസി 171 സി, 171 ഡി, 17 ഇ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്.
കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തി. സലീനയുടെ പ‍ഞ്ചായത്ത് അംഗത്വം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും മീണ അറിയിച്ചിരുന്നു.
കള്ളവോട്ട് ചെയ്തവർക്കെതിരെ ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകൾ ചുമത്തുമെന്നും മീണ വ്യക്തമാക്കി. സ്വാധീനം ഉപയോഗിച്ചു മറ്റുള്ളവരുടെ അവകാശം നിഷേധിക്കുക, ആൾമാറാട്ടം നടത്തുക എന്നിവയാണു കുറ്റങ്ങൾ. പിലാത്തറയിൽ ഇടതു സ്ഥാനാർഥി കെ.പി. സതീശ്ചന്ദ്രന്റെ ബൂത്ത് ഏജന്റ് രാജേഷ് മരങ്ങാടനാണു കള്ളവോട്ടിനു സഹായിച്ചതെന്നു മീണ പറഞ്ഞിരുന്നു. ഇയാളെക്കുറിച്ച് അന്വേഷണം നടത്തും. ഇയാളുടെ പകരക്കാരിയായ ബൂത്ത് ഏജന്റായിരുന്നു സുമയ്യ.

error: Content is protected !!