ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഷോക്ക്; ബി ജെ പിയിലേക്ക് ജനപ്രതിനിധികളുടെ ഒഴുക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ ബി ജെ പിയിലേക്ക് ഒഴുകുന്നു. പാര്‍ട്ടിയുടെ അഞ്ച് എം എല്‍ എമാരും 60 കൗണ്‍സിലര്‍മാരും ബി ജെ പിയിലേക്കു ചേക്കേറി. കോണ്‍ഗ്രസിന്റെ രണ്ടും സി പി എമ്മിന്റെ ഒന്നും എം എല്‍ എമാരും ബി ജെ പിയില്‍ പ്രവേശിക്കാന്‍ ഡല്‍ഹിയിലേക്കു തിരിച്ചതായി ബി ജെ പി നേതാവ് മുകുള്‍ റോയ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പിന്നോട്ടടിയാണ് കൂട്ടത്തോടെ തൃണമൂല്‍ വിടാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

യഥാക്രമം ബിജ്പൂര്‍, നൊവാപുര എന്നിവിടങ്ങളില്‍ നിന്നുള്ള നിയമസഭാ സാമാജികരായ സുബ്രാന്‍ശു റോയ്, സുനില്‍ സിംഗ്, ബാരക്പൂര്‍ മണ്ഡലത്തിലെ ഷില്‍ബദ്ര ദത്ത, ഗൗതം ദാസ് (ഗംഗാരാംപൂര്‍), തുഷാര്‍കാന്ത്രി ഭട്ടാചാര്യ (ബിഷ്ണുപൂര്‍) എന്നിവരാണ് തൃണമൂല്‍ വിട്ട എം എല്‍ എമാര്‍. ദേവേന്ദ്രയാണ് ബി ജെ പിയിലേക്ക് കൂറുമാറിയ സി പി എം എം എല്‍ എ.

സംസ്ഥാനത്തെ ബി ജെ പി തിരഞ്ഞെടുപ്പ് നിര്‍വഹണ സെല്ലിന്റെ കണ്‍വീനര്‍ മുകുള്‍ റോയിയുടെ മകനായ സുബ്രാന്‍ശു റോയിയെ പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് തൃണമൂല്‍ ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുനില്‍ സിംഗാകട്ടെ, ബരാക്പൂരില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി ജെ പി എം പി അര്‍ജുന്‍ സിംഗിന്റെ ഭാര്യാ സഹോദരനാണ്. മുകുള്‍ റോയിയുടെ വിശ്വസ്തനായാണ് ഷില്‍ബദ്ര ദത്ത അറിയപ്പെടുന്നത്.

143 തൃണമൂല്‍ കോണ്‍ഗ്രസ് വിമതരെ ബി ജെ പിയില്‍ എത്തിക്കുമെന്ന് മുകുള്‍ റോയ് നേരത്തെ സൂചിപ്പിച്ചിരുന്നു. 40 എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അവകാശപ്പെട്ടിരുന്നു. അതിനിടെ, ബി ജെ പി ചാക്കിട്ടു പിടിത്തവും കുതിരക്കച്ചവടവും നടത്തുകയാണെന്ന് ആരോപിച്ച് മമത ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്.

error: Content is protected !!