കുട്ടികളില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ഹരീഷ് ഗോവിന്ദിന്റെ ഷോര്‍ട്ട് ഫിലിം ”കൊത്തന്‍”. പ്രദര്‍ശനം വിദ്യാലയങ്ങളിലൂടെ.

മട്ടന്നൂര്‍: കൊത്തന്‍ എന്ന പദം നമുക്ക് അന്യം നിന്ന് പോയിട്ട് കാലം കുറേയായി. ധാന്യങ്ങളെ നശിപ്പിക്കുന്ന കൊത്തനെയും, കൊത്തനെ അകറ്റാന്‍ ചില നാടന്‍ പൊടിക്കൈകളും പഴമക്കാര്‍ ഉപയോഗിച്ചു പോന്നിരുന്നു. എന്നാല്‍ ഇന്ന് കൊത്തന്‍ വിളകളെ നശിപ്പിക്കാറില്ല. പകരം കൊത്തനെയും കീടാണുക്കളേയും നശിപ്പിക്കാന്‍ മാരകമായ വിഷം തളിച്ച് നാം നമ്മെ തന്നെ നശിപ്പിക്കുന്നു. ജീവിത ശൈലീ രോഗങ്ങളിലേക്ക് പുതിയ തലമുറ എത്തി നില്‍ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് വിളകളിലെ മാരകമായ രാസവള പ്രയോഗം.

ഇവിടെ കല ഇടപെടുകയാണ്. ഹരീഷ് ഗോവിന്ദിന്റെ ഷോര്‍ട്ട് ഫിലിം കൊത്തനിലൂടെ. വരും തലമുറയെങ്കിലും ഈ കെടുതിയെ കുറിച്ച് ബോധവാന്മാരേകണ്ടതിന്റെ ആവശ്യകത നന്നായി തിരിച്ചറിഞ്ഞ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹരീഷ്, കാര്‍ഷിക മേഖലയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനാണ് കുട്ടികളുടെ സിനിമയായ കൊത്തന്‍ നിര്‍മ്മിച്ചത്. സിനിമ എല്ലാ വിദ്യായലയങ്ങളിലും പ്രദര്‍ശിപ്പിക്കും. 42 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസാരിക്കുന്നിടത്താണ് കൊത്തന്റെ തുടക്കം.


കൊത്തനെ അന്വേഷിച്ച് നടക്കുന്ന കുട്ടിയുടെ കഥ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സതീഷ് വയലാറമ്പിലാണ്. കൊത്തനെ അന്വേഷിച്ച് നടക്കുകയും കാണാത്തതിനെക്കുറിച്ചുള്ള പഠനം നടത്തുകയും ചെയ്യുന്നതോടെ കാര്‍ഷിക മേഖലയിലെ വിഷ പ്രയോഗമാണ് കൊത്തനെ അകറ്റി നിര്‍ത്തുന്നതെന്ന് കുട്ടി മനസ്സിലാക്കുകയും കുടുംബം ഒന്നാകെ കൃഷിയിലേക്ക് വ്യാപൃതരാകുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം. തുടര്‍ന്ന് കുട്ടിക്ക് മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌ക്കാരം ലഭിക്കുകയും ചെയ്യുന്നതോടെയാണ് സിനിമ പൂര്‍ണ്ണമാകുന്നത്. മെട്രോ ഫിലിംസിന്റെ ബാനറില്‍ ചിത്രീകരിച്ചിരിക്കുന്ന കൊത്തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സുരേഷ് നാരായണനാണ്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഹ്രസ്യ സിനിമ മത്സരത്തില്‍ മികച്ച തിരക്കഥാകൃത്തിനുള്ള കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ അവാര്‍ഡ് കെ ഇ എന്‍ കുഞ്ഞഹമ്മദില്‍ നിന്നും കൊത്തന്റെ തിരക്കഥാകൃത്ത് സതീഷ് വയലാറമ്പിൽ സ്വീകരിച്ചിരുന്നു.



ഉപേന്ദ്രന്‍ നവരസ, പി.വി.കെ. നാഥ്, ഉഷാകുമാരി, സരസ്വതി കണ്ണൂര്‍, വൈഗ വിനീഷ്, ബാവ മട്ടന്നൂര്‍, രാധാകൃഷ്ണന്‍ തലച്ചങ്ങാട്, സതീഷ് കൊതേരി, സന്തോഷ് മാവില, ശിവസൂര്യ, ശ്രീജിത്ത് കുളത്തുങ്ങര, രാമചന്ദ്രന്‍ കുറ്റിക്കര, രാമകൃഷ്ണന്‍ പഴശ്ശി, കോളോത്ത് വിജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സുനില്‍ കല്ലൂരിന്റെ രചനയ്ക്ക് കലാമണ്ഡലം അജിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്. അസോസിയേറ്റ് സംവിധാനം സോമന്‍ പണിക്കരും അസി. ഡയറക്ടര്‍ അമല്‍ മണിയും കലാസംവിധാനം വിനീഷ് കൂത്തുപറമ്പുമാണ്.

error: Content is protected !!