ബി ജെ പി കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ തൃപ്തിയില്ലാതെ കേന്ദ്രം; അധ്യക്ഷനെ മാറ്റിയേക്കും.

തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിൻ്റെ പ്രവര്‍ത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര നേതൃത്വം. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിക്കാത്തതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്. മൂന്നു സീറ്റുവരെ പ്രതീക്ഷിച്ചിരുന്നുവെന്ന് ദേശീയ സെക്രട്ടറി വൈ സത്യരാജ് പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ മാറ്റണോയെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ തോൽവി സംസ്ഥാന അധ്യക്ഷൻ ഏറ്റെടുക്കണമെന്നാണ് മുരളീധരപക്ഷത്തിൻ്റെ ആവശ്യം. ഇന്ന് ചേര്‍ന്ന യോഗത്തിൽ ഇത് ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്. നേതൃമാറ്റം ആവശ്യമാണെന്ന് മുരളീധരപക്ഷം നിലപാട് എടുത്തുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ബിജെപിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം നോക്കിയല്ല ബിജെപി പ്രസിഡൻ്റിനെ തീരുമാനിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം തെരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ പ്രകടനത്തിൽ കേന്ദ്രനേതൃത്വത്തിന് തൃപ്തിയുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ വാദം. കേന്ദ്രമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നീ സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു ബിജെപിയുടെ നിഗമനം. എന്നാൽ തിരുവനന്തപുരത്ത് മാത്രം രണ്ടാം സ്ഥാനത്തും പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിൽ മൂന്നാം സ്ഥാവനത്തേക്കും ബിജെപി തളളപ്പെട്ടു. എന്നാൽ വോട്ട് ശതമാനത്തിലെ വര്‍ധനവ് ബിജെപി കേന്ദ്രങ്ങളിൽ പ്രതീക്ഷയ്ക്ക് വകവച്ചിട്ടുണ്ട്.

error: Content is protected !!