കൊൽക്കത്തയിലെ മുൻ പോലീസ് കമ്മീഷ്ണർക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡൽഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മമത ബാനർജിയുടെ വിശ്വസ്തനും കൊൽക്കത്ത മുൻ പോലീസ് കമ്മീഷ്ണറുമായിരുന്ന രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

രാജീവ് കുമാർ തെളിവ് നശിപ്പിച്ചെന്നാണ് കരുതുന്നതെന്നും അതുകൊണ്ട് രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നുമാണ് സിബിഐ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജീവ് വിദേശത്തേക്ക് കടക്കാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് 2500 കോടി രൂപയുടെ ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചിരുന്നത്. രാജീവിന്റെ നേതൃത്വത്തിൽ തെളിവ് നശിപ്പിച്ചെന്നും കുറ്റാരോപിതരായ രാഷ്ട്രീയ നേതാക്കളെ രക്ഷിച്ചെന്നുമാണ് സിബിഐയുടെ ആരോപണം.

മമത ബാനർജിയാണ് 2013 രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയമിച്ചത്. 2014ൽ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു.

error: Content is protected !!