കര്‍ണാടകയില്‍ അട്ടിമറി നീക്കം ശക്തമാക്കി ബി.ജെ.പി; കോണ്‍ഗ്രസ് അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചു.

മംഗളൂരു: കര്‍ണാടകയില്‍ ആടിയുലയുന്ന കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ബി.ജെ.പി കുതിക്കച്ചവടത്തിനുള്ള നീക്കം തകൃതിയാക്കിയതോടെ ഏതുനിമിഷവും തന്റെ നേതൃത്വത്തിലുള്ള ഭരണം വീണേക്കുമെന്ന ഭീതിയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മറ്റന്നാള്‍ അടിയന്തര നിയമസഭാകക്ഷിയോഗം വിളിച്ചു. യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്യയും സംസ്ഥാന ഘടകം അധ്യക്ഷന്‍ ദിനേശ് ഗുണ്ടുവും യോഗത്തില്‍ സംബന്ധിക്കും.

കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എം.പിയും ബി.ജെ.പിയിലേക്കു പോവുകയാണെന്ന അഭ്യൂഹം ഉയര്‍ന്നതോടെയാണ് കുതിരക്കച്ചവടത്തിനുള്ള നീക്കം പരസ്യമായത്. എം.എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍, മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച സുമലതാ അംബരീഷ് എന്നിവര്‍ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കര്‍ണ്ണാടക ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തി വരുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലാണ് എം.എല്‍.എമാര്‍ യെദ്യൂരപ്പയെ സന്ദര്‍ശിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുന്‍ കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

നിലവില്‍ കര്‍ണ്ണാടക നിയമസഭയില്‍ 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് രണ്ടു സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയുണ്ട്. കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ സഹകരിച്ചാല്‍ തന്നെ അംഗബലം 109 മാത്രമേ ആവൂ. എന്നാല്‍ 225 അംഗങ്ങളുള്ള നിയമസഭയില്‍ മാന്ത്രിക സംഖ്യ തികയ്ക്കാന്‍ പിന്നെയും നാലുപേരുടെ പിന്തുണ വേണം. അതെസമയം കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിന് ഭീഷണി ഇല്ലെന്നും ഭരണം അഞ്ചുവര്‍ഷം തികയ്ക്കുമെന്നും കഴിഞ്ഞ ദിവസം ഇരു കക്ഷികളും സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെ ആഴ്ചകള്‍ക്കകം കര്‍ണ്ണാടക ഭരണം ബി.ജെ.പി പിടിച്ചെടുക്കുമെന്നു ദക്ഷിണ കന്നഡ എം.പി നാളിന്‍കുമാര്‍ കട്ടീല്‍ പ്രസ്താവിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ നാടകീയ നീക്കം നടത്തി സഖ്യ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. കോണ്‍ഗ്രസിന് 79 എം.എല്‍.എമാരും ജെ.ഡി.എസിന് 37 എം.എല്‍.എമാരുമാണുള്ളത്.

സ്വതന്ത്രയായി മത്സരിച്ച സുമലതക്ക് തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ നല്‍കിയിരുന്നു. എന്‍.ഡി.എ അധികാരത്തില്‍ വന്നാല്‍ സുമലതക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കുമെന്നും യെദ്യൂരപ്പ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ കുടിക്കാഴ്ചയോടെ സുമലത ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറേ ഉറപ്പായി. കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന അംബരീഷിന്റെ ഭാര്യയാണ് സുമലത.

കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ 104 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷി സ്ഥാനം നേടിയിരുന്നു. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ മര്യാദ പാലിക്കാതെ ബി.ജെ.പി ചില കക്ഷികളെ കൂട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ഒറ്റ കക്ഷികള്‍ ഭരണം നടത്തുന്നത് ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തടഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പിക്ക് അതേനാണയത്തില്‍ മറുപടി കൊടുത്ത കോണ്‍ഗ്രസ്, കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ കാഴ്ചക്കാരാക്കി ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രപീകരിക്കുകയയിരുന്നു.

error: Content is protected !!