കഞ്ചാവുമായി കമിതാക്കളടക്കം നാലുപേര്‍ പിടിയില്‍

നെടുങ്കണ്ടം: കഞ്ചാവുമായി കമിതാക്കളടക്കം നാലുപേര്‍ കമ്പംമെട്ട്‌ ചെക്‌പോസ്‌റ്റില്‍ പിടിയില്‍. കേരള- തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ എക്‌സൈസ്‌ നടത്തിയ രാത്രികാല വാഹന പരിശോധനക്കിടെയാണ്‌ അരക്കിലോ കഞ്ചാവുമായി ഇവര്‍ പിടിയിലായത്‌. എറണാകുളം സ്വദേശികളായ വടുതല നെടിയകാലായില്‍ ജിതിന്‍ ജോസ്‌(22), ഇടപ്പള്ളില്‍ കൃഷ്‌ണനുണ്ണി (21), കോഴിക്കോട്‌ ചാത്തമംഗലം ചെറിയത്ത്‌ ടിനോ(20), കോട്ടയം ചങ്ങനാശേരി കുന്നില്‍ ലീമ എലിസബത്ത്‌(24) എന്നിവരാണു പിടിയിലായത്‌. സ്വകാര്യ കമ്പനി ജീവനക്കാരായ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എക്‌സൈസ്‌ പിടിച്ചെടുത്തു.  വെള്ളിയാഴ്‌ച രാത്രി 11നു എക്‌സൈസ്‌ ചെക്‌പോസ്‌റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണു നാല്‍വര്‍ സംഘമെത്തിയത്‌. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളില്‍ യുവതി ഇരുന്ന സീറ്റിന്റെ അടിയില്‍നിന്നാണു കഞ്ചാവ്‌ കണ്ടെത്തിയത്‌. തുടര്‍ന്നു എക്‌സൈസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ കമ്പത്തു നിന്നാണു കഞ്ചാവ്‌ വാങ്ങിയതെന്നു പ്രതികള്‍ സമ്മതിച്ചു. പിടിയിലായ ജിതിനും ലീമയും തമ്മില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രണയത്തിലാണ്‌. കൊടൈക്കനാലില്‍ മൂന്നു ദിവസം ഹോം സ്‌റ്റേയില്‍ തങ്ങിയ നാല്‍വര്‍ സംഘം വെള്ളിയാഴ്‌ച മടങ്ങുകയായിരുന്നു. സമീപകാലത്തു കൊടൈക്കനാലിലുണ്ടായ കനത്ത മഴയില്‍ ജിതിന്റെ സുഹൃത്തിന്റെ ഹോം സ്‌റ്റേ തകര്‍ന്നിരുന്നു. ഈ ഹോം സ്‌റ്റേ നന്നാക്കുന്നതിനായാണു നാലുപേരും എത്തിയതെന്നാണു എക്‌സൈസിനു പ്രതികള്‍ നല്‍കിയ മൊഴി.  ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ കൊടൈക്കനാല്‍ സ്വദേശിയില്‍നിന്നു കമ്പത്തുനിന്നാണു ഇവര്‍ക്കു കഞ്ചാവ്‌ വാങ്ങിയത്‌. കമ്പംമെട്ട്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ വി.ജെ. മധു, പ്രിവന്റീവ്‌ ഓഫിസര്‍ എ. കടകര,സിവില്‍ എക്‌സൈസ്‌ ഓഫിസര്‍മാരായ സാന്റി തോമസ്‌, ടി.എ. അനീഷ്‌, അനൂപ്‌ പി. ജോസഫ്‌, വനിത എക്‌സൈസ്‌ ഓഫീസര്‍ കെ.ജെ. ബിജി എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!