നഴ്‌സുമാരുടെ സംഘടനയായ യുഎൻഎക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചീറ്റ്; സാമ്പത്തിക ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. കണക്കുകളിൽ കൃത്രിമം നടന്നിട്ടില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. വരവ്, ചെലവ് കണക്കുകളിൽ അപാകതയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

യുഎൻഎയ്ക്ക് എതിരെ ഉയർന്ന സാമ്പത്തിക തിരിമറി പരാതിയിൽ മുപ്പത് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ടിൽ പറയുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന് ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ചുവെന്നും അതിൽ അപാകതകൾ ഒന്നുമില്ലെന്നുമാണ്. വാഹനവും കെട്ടിടവും വാങ്ങിയതുൾപ്പെടെ ചില ആരോപണങ്ങൾ മുൻ യുഎൻഎ വൈസ് പ്രസിഡന്റായ പരാതിക്കാരൻ സിബി മുകേഷ് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതിനൊന്നും തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൊസൈറ്റി ഓഫ് രജിസ്ട്രാറും അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. ഇതുകൂടി പരിഗണിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

യുഎൻഎയിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം സെൻട്രൽ ക്രൈംബ്രാഞ്ച് സൂപ്രണ്ടിന് അന്വേഷണ ചുമതല നൽകാനായിരുന്നു സർക്കാർ തീരുമാനം. ഇതിനിടെയാണ് യുഎൻഎക്ക് ക്ലീൻ ചിറ്റ് നൽകി തൃശൂർ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ചാണ് സിബി മുകേഷ്് മാർച്ചിൽ പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നു കാണിച്ചായിരുന്നു പരാതി നൽകിയത്. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു.

error: Content is protected !!