ഇക്കുറി ചെറിയ പെരുന്നാളിന് തിയറ്ററുകളിൽ 9 സിനിമകള്‍

ഇക്കുറി ഈദുല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാളിന് തിയറ്ററുകള്‍ നിറയ്ക്കാനെത്തുന്നത് 9 സിനിമകള്‍. പെരുന്നാള്‍ റിലീസായി കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഇവയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്, മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട, വിനയ് ഫോര്‍ട്ട് നായകനാകുന്ന തമാശ, വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍, ഷാഫി ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണി പിള്ള, ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാന്‍റ് ഫാദര്‍ എന്നീ മലയാള ചിത്രങ്ങള്‍ക്കൊപ്പം ബോളിവുഡ് ചിത്രം ഭാരതും തമിഴ് ചിത്രം എന്‍ജികെയും പെരുന്നാള്‍ റിലീസായെത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഹാപ്പി അവേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്,ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് തമാശ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം. നവാഗതനായ അഷ്റഫ് ഹംസയാണ് സംവിധാനം. പ്രേമത്തിന് ശേഷം വിനയ് ഫോര്‍ട്ട് അധ്യാപക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് തമാശയെന്നതും പ്രത്യേകതയാണ്.

കേരളത്തെ പരിഭ്രാന്തിലാഴ്ത്തിയ നിപ്പ വൈറസിനെതിരായ മലയാളികളുടെ അതിജീവനമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രം. ഒപിഎം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മ്മാണം. തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരി, ഷറഫു, സുഹാസ് എന്നിവരാണ്. വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉണ്ടയിൽ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു എന്നതാണ് പ്രത്യേകത. ഛത്തിസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം. ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോമഡി എന്‍റര്‍ടെയ്നറാണ്. കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തൊട്ടപ്പനിൽ ആദ്യമായി വിനായകൻ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ജയറാം ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്‍റ് ഫാദര്‍. ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കക്ഷി: അമ്മിണിപിള്ള’.

error: Content is protected !!