നവീന്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേറ്റു; ഇത് അഞ്ചാമൂഴം

ഭുവനേശ്വര്‍: ഒഡീഷയുടെ 14മത്തെ മുഖ്യമന്ത്രിയായി ബിജു ജനതാദള്‍ അധ്യക്ഷന്‍ നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തലസ്ഥാനമായ ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഗണേഷി ലാല്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന പകുതിയോളം മന്ത്രിമാരെയും ഉള്‍പ്പെടുത്തി പുതിയ മന്ത്രിസഭയും ഇതോടൊപ്പം അധികാരത്തിലേറെ. കാബിനറ്റ് റാങ്കുള്ള 11 മന്ത്രിമാരുള്‍പ്പെടെ 20 അംഗ മന്ത്രിസഭയാണ് അധികാരത്തിലേറിയത്. 40 ഡിഗ്രിയിലേറെയുള്ള താപനിലയും അവഗണിച്ച് പതിായിരത്തിലേറെ പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. നവീന്റെ മൂത്തസഹോദരന്‍ പ്രേം പട്‌നായിക് സഹോദതി ഗീതാ മേത്ത എന്നിവരും ചടങ്ങിനെത്തി.

തുടര്‍ച്ചയായ അഞ്ചാംതവണയാണ് നവീന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുന്നത്. ജ്യോതി ബസു (പശ്ചിമബംഗാള്‍), പവന്‍ ചാംലിന്‍ (സിക്കിം) എന്നിവര്‍ മാത്രമാണ് ഇതുവരെ അഞ്ചുതവണ തുടര്‍ച്ചയായി സംസ്ഥാന മുഖ്യമന്ത്രിയായിരുന്നിട്ടുള്ളത്.

ഒഡീഷയില്‍ ലോക്‌സഭാതെരഞ്ഞെടുപ്പിനൊപ്പമാണ് 147 അംഗ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവന്നപ്പോള്‍ 112 സീറ്റുകള്‍ നേടി ബിജു ജനതാദള്‍ ഭരണം നിലനിര്‍ത്തി. ബി.ജെ.പി 23 സീറ്റുകളും കോണ്‍ഗ്രസ് 9 സീറ്റുകളും നേടി.

error: Content is protected !!