പശ്ചിമ ബംഗാളില്‍ ബി ജെ പി പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നോര്‍ത്ത് 24 പര്‍ഗാനയിലെ ബത്പാരയില്‍ ബി ജെ പി പ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. ചന്ദന ഷാ എന്ന യുവാവാണ് കന്‍കിനാര സതാദല്‍ മൈതാനത്ത് വച്ച് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഏഴു ഘട്ടങ്ങളിലായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് തൃണമൂല്‍, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക ഏറ്റുമുട്ടല്‍ നടന്നിരുന്നു. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ്‌ഷോയും അക്രമങ്ങള്‍ക്കിടയാക്കി. ഇതിനിടെ, പ്രശസ്തമായ പ്രസിഡന്‍സി കോളജിലെ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു.

വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷവും സംഘര്‍ഷത്തിന് ശമനമുണ്ടായില്ല. ബങ്കുര, കൂച്ച് ബീഹാര്‍ ഉള്‍പ്പടെയുള്ള ജില്ലകളില്‍ അക്രമങ്ങള്‍ അരങ്ങേറി. കൂച്ച് ബീഹാറിലെ തൂഫാന്‍ഗഞ്ചിലും മാതാബഹംഗയിലും വീട് തകര്‍ക്കലും പാര്‍ട്ടി ഓഫീസുകളും പിടിച്ചെടുക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

error: Content is protected !!