ശ്രീലങ്കയിൽ മുസ്ലിം വിരുദ്ധ കലാപം തുടരുന്നു; ഒരു മരണം.

കൊളംബോ: ശ്രീലങ്കയില്‍ മുസ്ലീം വിരുദ്ധ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 45 വയസ്സുകാരനായ ഒരു മരപ്പണിക്കാരനാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് ശേഷം നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഒരാള്‍ കൊല്ലപ്പെടുന്നത്.ആയുധുങ്ങളുമായി ഇയാളുടെ വര്‍ക്ക് ഷോപ്പിലെത്തിയ ആക്രമകാരികള്‍ ഇയാളെ  ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണത്തിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ മുസ്ലീം വിഭാഗമാണെന്നാരോപിച്ചാണ് ആക്രമങ്ങള്‍ നടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.ചില പ്രത്യേക ഗ്രൂപ്പുകളാണ് രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും പൊലീസും സുരക്ഷാ വിഭാഗവും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും എന്നാല്‍ ഈ ഗ്രൂപ്പുകള്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ വ്യക്തമാക്കി. ആയുധങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഇന്നലെ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.വെല്ലാവായ ടൗണ്‍ ഏരിയയില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ശ്രീലങ്കന്‍ പൊലീസും പട്ടാളവും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് കുഴിച്ചിട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. കലാപ സാധ്യത കണക്കിലെടുത്ത് കണ്ട് ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്കും നിരോധനമുണ്ട്. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് നിരോധനം.

error: Content is protected !!