പയ്യന്നൂരില്‍ കൂള്‍ബാര്‍ കുത്തിത്തുറന്ന് മോഷണം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്

കണ്ണൂര്‍: പയ്യന്നൂരില്‍ കൂള്‍ബാര്‍ കുത്തിത്തുറന്ന് വന്‍ മോഷണം. കട കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 40,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്രതി മോഷണം നടത്തുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതില്‍ നിന്നും കള്ളനെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. തലശേരി സ്വദേശികളായ നാല് പേര്‍ നടത്തുന്ന ഫലൂദ എന്ന ഐസ് ക്രീം ഷോപ്പില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണം നടന്നത്. പെരുമ്പ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപത്തെ കടയുടെ വലത് വശത്തെ ചുമരിന്റെ അഞ്ച് ഇഷ്ടിക പൊളിച്ചാണ് കള്ളന്‍ അകത്ത് കയറിയത്. മേശവലിപ്പിലുണ്ടായിരുന്ന 40,000 രൂപയും ഇയാള്‍ കൈക്കലാക്കി.
മുഖം മറച്ചായിരുന്നു കള്ളന്‍ അകത്ത് കടന്നത്. മോഷണം നടത്തുന്നത് സിസിടിവിയില്‍ പതിഞ്ഞതില്‍ നിന്നും മുടന്തി മുടന്തിയാണ് കള്ളന്‍ നടക്കുന്നതെന്ന് പോലീസ് മനസിലാക്കിയിരുന്നു. പയ്യന്നൂര്‍ സിഐയുടെ നേത്യത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. മണം പിടിച്ച പൊലീസ് നായ കൂള്‍ബാറിന് സമീപമുള്ള ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഓടിക്കയറിയത്. ഇവിടെ അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഈ ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!