ജാതിപീഡനത്തെ തുടര്‍ന്ന് വനിതാ ഡോക്ടറുടെ ആത്മഹത്യ; മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍.

മുംബൈ: ബി.വൈ.എല്‍ നായര്‍ ഹോസ്പിറ്റലിലെ ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ പായല്‍ തഡ്വിയുടെ ജാതി അധിക്ഷേപത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് വനിത ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍വാള്‍, ഡോ. ഹേമ അഹൂജ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഗ്രിപാഡ പൊലിസാണ് ഇവരെ അറസ്റ്റുചെയ്തത്. അറസ്റ്റിലാ ഡോക്ടര്‍മാരുള്‍പ്പെടെ നാലുപേരുടെ ലൈസന്‍സ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. അറസ്റ്റിലായ മൂന്നുപേര്‍ക്ക് പുറമെ ഡോ. ചിയാങ് ലിങ്ങിനുമെതിരേയാണ് നടപടി. ഇതിനു പിന്നാലെയാണ് ഇവരുടെ അറസ്റ്റ്. അറസ്റ്റിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു. മൂന്നുപേരെയും മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അംഗത്വത്തില്‍നിന്ന് താത്കാലികമായി പുറത്താക്കിയിട്ടുണ്ട്.

ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി പായലിന്റെ അമ്മയും ഭര്‍ത്താവ് സല്‍മാനും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡി അടക്കമുള്ള ദലിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രാ വനിതാകമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. റാഗിങ്ങിന് സമാനമായ സംഭവത്തില്‍ എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരാഞ്ഞ് വനിതാകമ്മിഷന്‍ ആശുപത്രിയധികൃതര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്.

ഈ മാസം 22നാണ് രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ത്ഥിനി പായലിനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജാതീയമായ അധിക്ഷേപം മൂലമാണ് ആദിവാസി വിഭാഗക്കാരിയായ പായല്‍ ആത്മഹത്യ ചെയ്തത് എന്നാണ് അമ്മ ആബിദ താഡ്വി അടക്കമുള്ളവരുടെ പരാതി. പായല്‍ ആത്മഹത്യ ചെയ്യുന്നതിന് 10 ദിവസം മുമ്പ് മകള്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് നേരിടുന്ന ജാതി അധിക്ഷേപവും മാനസിക പീഡനവും സംബന്ധിച്ച് അമ്മ ആബിദ തഡ്വി, കോളേജ് ഡീനിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല എന്നാണ് ഡീനിന്റെ വാദം. രോഗികളുടെ മുന്നില്‍ വച്ച് പായലിനെ നിരവധി തവണ സീനിയര്‍ ഡോക്ടര്‍മാര്‍ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!