ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി സ്ഥാനമേറ്റു

വിജയവാഡ: ആന്ധ്രയില്‍ അത്യുജ്വല വിജയം നേടിയ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയും അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡിയും അധികാരമേറ്റു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥികളായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേധര റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ഡി.എംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, പുതുച്ചേരി മന്ത്രി മല്ലടി കൃഷ്ണ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.

ജഗന്റെ മാതാവ് വിജയലക്ഷ്മി, ഭാര്യ ഭാരതി, സഹോദരി ഷാര്‍മ്മിള, മക്കളായ ഹര്‍ജ റെഡ്ഡി, വര്‍ഷ റെഡ്ഡി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ജഗന്‍മോഹന് പിന്തുണയുമായി 20,000 ഓളം പാര്‍ട്ടി പ്രവര്‍ത്തകരാണ് ചടങ്ങ് വീക്ഷിക്കാനെത്തിയത്. എന്നാല്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ചടങ്ങിനെത്തിയില്ല. പകരം അഭിനന്ദനമറിയിക്കാന്‍ പാര്‍ട്ടി പ്രതിനിധി സംഘത്തെ ജഗന്റെ വസതിയിലേക്ക് അയച്ചു.

ആന്ധ്രയിലെ 175 അംഗ നിയമസഭയില്‍ 151 സീറ്റുകളാണ് ജഗന്റെ പാര്‍ട്ടി നേടിയത്. തെലങ്കാന രൂപീകരത്തിനായി ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്.

error: Content is protected !!