കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് നാളെ നെയ്യാട്ടത്തോടെ തുടക്കമാകും.

കൊട്ടിയൂര്‍: മഴയുടെ ഉത്സവമെന്ന് പേരു കേട്ട കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് നാളെ നെയ്യാട്ടത്തോടെ തുടക്കമാകും. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം മണിത്തറയിലെ സ്വയംഭൂവില്‍ നാളെ രാത്രിയാണ് നെയ്യാട്ടം. മുതിരേരി കാവില്‍ നിന്നുള്ള വാള്‍ എഴുന്നള്ളത്ത് നാളെ സന്ധ്യയ്ക്ക് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തുന്നതോടെ നെയ്യാട്ട ചടങ്ങുകള്‍ ആരംഭിക്കും.

ചാതിയൂര്‍ മഠത്തില്‍ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന ഓടയും തീയുമായി നമ്പൂതിരിയും തേടന്‍ വാര്യരും നമ്പീശനും അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ ചോതി വിളക്കു തെളിയിക്കുന്നതാണ് ആദ്യത്തെ ചടങ്ങ്. ബ്രാഹ്മണസ്ഥാനികര്‍ ചേര്‍ന്ന് സ്വയംഭൂവിനെ ആവരണം ചെയുന്ന അഷ്ടബന്ധം നീക്കി നാളം തുറക്കും. പാത്തി വെച്ച് രാശി വിളിച്ചാണ് നെയ്യാട്ടം ആരംഭിക്കുക.

ജന്മസ്ഥാനികരായ വില്ലിപ്പാലന്‍ കുറുപ്പിന്റെയും തമ്മങ്ങാടന്‍ നമ്പ്യാരുടെയും നെയ്ക്കലശങ്ങള്‍ തുറന്ന് ആദ്യം അഭിഷേകം ചെയ്യും. തുടര്‍ന്നു ക്രമമനുസരിച്ച് വിവിധ മഠങ്ങളില്‍ നിന്നെത്തിയ വ്രതക്കാരുടെ നെയ് ഏറു വാങ്ങി അഭിഷേകം ചെയ്യും. ഉഷകാസമ്പ്രം സ്ഥാനിക ബ്രാഹ്മണനാണ് ഭഗവത് സ്വയം ഭൂവില്‍ നടത്തുന്ന നെയ്യഭിഷേകത്തിന് കാര്‍മികത്വം വഹിക്കുക. നെയ്യമൃത് വ്രതമെടുത്തവര്‍ നാളെ രാവിലെ കൊട്ടിയൂരിലേക്ക് പുറപ്പെടും.

error: Content is protected !!