കണ്ണൂര്‍ വിമാനത്താവളത്തില്‍ ലഗേജ് കിട്ടാന്‍ താമസിക്കുന്നുവെന്ന് പരാതി; ജീവനക്കാരുടെ പരിചയക്കുറവ് സേവനങ്ങളെ ബാധിക്കുന്നുവെന്ന് യാത്രക്കാര്‍.

 

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലഗേജ് കിട്ടാന്‍ താമസിക്കുന്നുവെന്ന് പരാതി
വ്യാപകം. യാത്രക്കാര്‍ അറൈവല്‍ ലോഞ്ചില്‍ എത്തിയാലും ലഗേജ് എത്താന്‍ അരമണിക്കൂറെങ്കിലും വേണ്ടി വരുന്നുവെന്നാണു പരാതി. രാജ്യാന്തര- ആഭ്യന്തര യാത്രക്കാര്‍ക്കും ഇതേ പരാതിയുണ്ട്. മറ്റു വിമാനത്താവളങ്ങളില്‍, വിമാനം ഇറങ്ങി യാത്രക്കാര്‍ അറൈവല്‍ ഭാഗത്ത് എത്തുന്ന സമയത്ത് തന്നെ ബാഗേജ് എത്താറുണ്ട്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് 6 മാസം പൂര്‍ത്തിയാകുമ്പോഴും ജീവനക്കാരുടെ പരിചയക്കുറവ് സേവനങ്ങളെ ബാധിക്കുന്നുവെന്നു യാത്രക്കാര്‍ പറയുന്നു.

അതിനിടെ, കണ്ണൂര്‍ വിമാനത്താവളത്തില്‍ അറൈവല്‍ കെട്ടിടത്തില്‍ പുതിയ കഫ്റ്റീരിയ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ ഇരുന്ന് കഴിക്കാന്‍ കൂടി സൌകര്യമുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന് പുറത്ത് ഒരു മാസത്തിനകം കൂടുതല്‍ കഫ്റ്റീരിയ തുറക്കുമെന്നും അധികൃതര്‍ പറഞ്ഞു. മട്ടന്നൂര്‍ നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഫ്റ്റീരിയ തുടങ്ങാന്‍ വിമാന കമ്പനിയോട് അനുമതി ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനം ആയില്ല. സ്റ്റാഫ് കാന്റീന്‍ ഒഴികെ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വിമാനത്താവളത്തിന് അകത്തും പുറത്തും നിലവില്‍ വലിയ സൗകര്യങ്ങള്‍ ഇല്ല.

error: Content is protected !!