മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇസ്രായേൽ പ്രധാന മന്ത്രിയും റഷ്യൻ പ്രസിഡന്റും.!

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജിക്കത്ത് നല്‍കി. പതിനാറാം ലോക്സഭ പിരിച്ച് വിടാന്‍ കേന്ദ്രമന്ത്രി സഭ പ്രമേയം പാസാക്കി. ചരിത്ര വിജയത്തിന്‍റെ സന്തോഷം പങ്കുവെയ്ക്കാന്‍ മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചു.

രാഷ്ട്രപതി ഭവനില്‍ വന്‍ ആഘോഷത്തോടെയാകും മോദിയുടെ രണ്ടാം ഇന്നിങ്സിന്‍റെ തുടക്കം. എന്‍ഡിഎയുടെ എല്ലാ എം.പിമാരോടും നാളെയും മറ്റെന്നാളുമായി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി 16ാം ലോക്സഭ പാസാക്കാനുള്ള പ്രമേയം കേന്ദ്രമന്ത്രിസഭ പാസാക്കി. പിന്നാലെ മോദി രാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് നല്‍കി. മന്ത്രി സഭാംഗങ്ങള്‍ക്ക് രാഷ്ട്രപതി അത്താഴ വിരുന്ന് നല്‍കി. മോദിയും അമിത് ഷായും രാവിലെ അഡ്വാനിയെയും ജോഷിയെയും അവരുടെ വസതികളിലെത്തിയാണ് കണ്ടത്. മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനമാണ് ബിജെപിയുടെ വിജയത്തിന് അടിസ്ഥാനമെന്ന് മോദി ട്വീറ്റ് ചെയ്തു. മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാതെ അഡ്വാനിയെയും ജോഷിയെയും ഒതുക്കിയെന്ന ആക്ഷേപം ശക്തമായിരുന്നു.

ചൊവ്വാഴ്ച്ച മോദി സ്വന്തം മണ്ഡലമായ വാരാണസിയില്‍ പോകും. കാശി വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ബുധനാഴ്ച്ച സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തും. മന്ത്രിസഭാ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അടക്കമുള്ള എന്‍ഡിഎ നേതാക്കള്‍ നാളെ അമിത് ഷായെ കാണും. മോദിയുമായി അടുത്ത സുഹൃദ് ബന്ധം സൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുമെന്നാണ് സൂചന.

മോദിയുടെ മന്ത്രി സഭയില്‍ അമിത് ഷായുണ്ടാമോയെന്നാണ് ഏറ്റവും ഉറ്റുനോക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം അരുണ്‍ ജയ്റ്റ്ലി മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാനിടയുണ്ട്. സുഷമ സ്വരാജ് വിദേശകാര്യമന്ത്രിയായി തുടരാനാണിട. രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ തുടരും. മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യം ആരാകുമെന്ന് വ്യക്തമല്ല.

error: Content is protected !!