സി പി എം തെരഞ്ഞെടുപ്പിൽ വീണത് ശബരിമലയിൽ തട്ടി തന്നെ.

ശബരിമല പ്രശ്നം ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് കാരണമായെന്ന് തുറന്നുസമ്മതിച്ച് സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ്. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചെന്ന് യോഗം വിലയിരുത്തി. ഇതേക്കുറിച്ച് പ്രത്യേകം പരിശോധിക്കാനും തീരുമാനമായി.

ഇടതുപക്ഷത്തിന്‌ സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളില്‍ നഷ്ടമുണ്ടായി. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലേക്ക്‌ നയിച്ച കാരണങ്ങളെക്കുറിച്ച്‌ പ്രത്യേകം പരിശോധിക്കും. കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കുമെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ശബരിമലയെന്ന വാക്ക് വാര്‍ത്താക്കുറിപ്പില്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ല.

പരാജയം താല്‍ക്കാലിക തിരിച്ചടിയാണ്. നരേന്ദ്രമോദി തുടരുന്നതിലെ അപകടം സമൂഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു. എന്നാല്‍ ഇതിന്റെ നേട്ടം യു.ഡി.എഫിനാണ് ഉണ്ടായത്. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന്‌ വേണ്ടത്ര കഴിഞ്ഞില്ലെന്ന സ്വയംവിമര്‍ശനവുമുണ്ട്. അതേസമയം, രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചും വാര്‍ത്താക്കുറിപ്പ് മൗനം പാലിക്കുന്നു.

പരാജയകാരണം ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ലെന്ന് നേരത്തെ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. മറ്റുപല ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമായ പൊതുരാഷ്ട്രീയ തരംഗം സൃഷ്ടിക്കുന്നതിന് കാരണമായി. രാഹുല്‍ഗാന്ധി വയനാട് സ്ഥാനാര്‍ഥിയായതും, പ്രധാനമന്ത്രിയാകുമെന്ന പ്രചരണവും യു.ഡി.എഫിന് ഗുണം ചെയ്തെന്നും യോഗം വിലയിരുത്തി. പരാജയകാരണങ്ങളെക്കുറിച്ച് ജില്ലാകമ്മിറ്റികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 31, അടുത്തമാസം ഒന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന സമിതി പരാജയകാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

 

error: Content is protected !!