കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഏതു നിമിഷവും ഭരണമാറ്റത്തിന് സാധ്യത; യു ഡി എഫിന് പിന്തുണ നല്‍കാന്‍ പി കെ രാഗേഷ് തയ്യാറാകും.

കണ്ണുര്‍: കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്. കോണ്‍ഗ്രസ്സിലേക്ക് വീണ്ടും കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിച്ചിട്ടുണ്ട്. അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. എല്‍ഡിഎഫിന് നല്‍കിയത് നിരുപാധിക പിന്തുണ മാത്രമാണ്. അത് ഏതുസമയത്തും പിന്‍വലിക്കാന്‍ അവകാശമുണ്ടെന്നും രാഗേഷ് പറഞ്ഞു.

അതിനിടെ പി കെ രാഗേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് നിയുക്ത എം പി കെ സുധാകരന്റെ പ്രസ്താവനയോടെ കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണമാറ്റമുണ്ടാവുമെന്ന് ഏറെക്കുറേ ഉറപ്പായി.
യു ഡി എഫ് ഭരണത്തില്‍ തിരിച്ചെത്തിയാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ആര്‍ക്കാണെന്ന ചോദ്യങ്ങള്‍ നേതൃ തലത്തിലും അണികളിലും സജീവമായി. യു ഡി എഫിന് പിന്തുണ നല്‍കുകയാണെങ്കില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം തനിക്ക് നല്‍കണമെന്ന ഉപാധി നേരത്തെ സുധാകരനുമായി നടത്തിയ ചര്‍ച്ചയില്‍ രാഗേഷ് മുന്നോട്ട്‌ വെച്ചതായി സുചനയുണ്ട്. അന്ന് രാഗേഷ്, അടുത്ത തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭ സീറ്റും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.

എന്നാല്‍ ലീഗിന്റെ നിലപാടായിരിക്കും കോര്‍പറേഷനിലെ യു ഡി എഫ് ഭരണത്തില്‍ നിര്‍ണായകമാകുക. രാഗേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നതിനെ അനുകൂലിക്കുന്ന ലീഗ് നേതൃത്വം അദ്ദേഹത്തിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കുന്നതിനെ കുറിച്ച് ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുള്ള കെ സുധാകരന്‍ തിരിച്ചെത്തിയാല്‍ രാഗേഷുമായി രണ്ടാംഘട്ട ചര്‍ച്ച നടത്തും. ഇതിനനുസരിച്ച് കോണ്‍ഗ്രസ് നേതൃത്വം ലീഗ് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തും. രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം തുടരുകയാണെങ്കില്‍ മേയര്‍സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ഉറച്ച നിലപാടായിരിക്കും ലീഗ് സ്വീകരിക്കുക. കോര്‍പറേഷനില്‍ നാല് വനിത അംഗങ്ങളുള്ള ലീഗില്‍ മുതിര്‍ന്ന അംഗം കസാനക്കോട്ട ഡിവിഷനില്‍ നിന്നുള്ള സി.സീനത്താണ്. ഇവര്‍ക്കാണ് ലീഗില്‍ മുന്‍തുക്കമെന്നറിയുന്നു. അങ്ങനെയെങ്കില്‍ ബാക്കിയുള്ള ഒന്നര വര്‍ഷം സീനത്ത് മേയറും രാഗേഷ് ഡെപ്യൂട്ടി മേയറുമായി യു ഡി എഫ് ഭരണം നടത്താനാണ് സാധ്യത.

ഈ ധാരണയില്‍ നേതൃത്വം മുന്നോട്ട് പോയാല്‍ പ്രഥമ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിതാ നേതാവ് സുമാ ബാലകൃഷ്ണന് മേയര്‍പദവി ലഭിക്കില്ല. ഭരണം ലഭിച്ചാല്‍ ആദ്യ രണ്ടരവര്‍ഷം സുമാബാലകൃഷണനെ മേയറാക്കാനും ലീഗിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കാനുമായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ധാരണയായിരുന്നത്. 55 അംഗ കൗണ്‍സിലില്‍ ഇരുമുന്നണികള്‍ക്കും 27 സീറ്റ് വീതം ലഭിച്ചതോടെ പഞ്ഞിക്കൈ വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് കിംഗ് മേക്കര്‍ റോളില്‍ എത്തുകയായിരുന്നു. യു ഡി എഫ് ഭരണത്തില്‍ തിരിച്ചെത്തിയാലും ബാക്കിയുള്ള കാലാവധിയില്‍ രാഗേഷ് കിംഗ്മേക്കറായി തുടരും.

error: Content is protected !!