അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് നേരെ ആക്രമണം;പിന്നാലെ ബംഗാളില്‍ ഒമ്പത് മണ്ഡലങ്ങളില്‍ പ്രചരണത്തിന് നിരോധനം.

ന്യൂഡല്‍ഹി: അമിത്ഷായുടെ റോഡ്‌ഷോയ്ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിലെ ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചരണത്തിന് നാളെ മുതല്‍ നിരോധനം. ദംദം, ബരാസത്, ബസീരാത്ത്, ജയനഗര്‍, മധുരാപൂര്‍, യാദവ്പൂര്‍, ഡയമണ്ട് ഹാര്‍ബര്‍, സൗത്ത് – നോര്‍ത്ത് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് നാളെ മുതല്‍ വോട്ടെടുപ്പ് അവസാനിക്കും വരെ നിരോധനം.നാളെ രാത്രി പത്തു മണിയോടെ പ്രചരണം അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മെയ് 19 ന് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത് വരെ പ്രചരണം ഒരു പാര്‍ട്ടികള്‍ക്കും നടത്താനാകില്ല. ഇതിനൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, സിഐഡി എന്നിവരെ മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. എഡിജി സിഐഡി ആഭ്യന്തരമന്ത്രാലയത്തിലേക്ക് മാറ്റുകയും നാളെ രാവിലെ തന്നെ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച വടക്കന്‍ കൊല്‍ക്കത്തയില്‍ അമിത്ഷായുടെ റോഡ്‌ഷോയ്ക്ക് ഇടയില്‍ ടിഎംസിയുടെ വിദ്യാര്‍ത്ഥി യൂണിയനില്‍പെട്ട പ്രവര്‍ത്തകരും ബിജെപി അണികളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിന്റെ ഭാഗമായി വിദ്യാസാഗര്‍ കോളേജ് വളപ്പിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കപ്പെട്ടു. ഇരു കൂട്ടരും പ്രതിമ തകര്‍ത്തത് എതിര്‍പക്ഷമാണെന്ന് ആരോപിച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. പ്രചരണത്തിന് തടയിടുന്ന ഭരണഘടനയിലെ 324 ാം വകുപ്പ് ഇതാദ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്. അക്രമം നടന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂകസാക്ഷിയായി നില്‍ക്കുകയാണെന്ന് നേരത്തേ ബിജെപി നേതാവ് അമിത്ഷാ ആരോപിച്ചിരുന്നു. ഇത്തരം അക്രമികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ലെങ്കില്‍ സമാധാനപരമായ ഒരു വോട്ടെടുപ്പ് നടക്കില്ലെന്നും ആരോപിച്ചിരുന്നു.

error: Content is protected !!