ഒരു വീട്ടില്‍ രണ്ട് അടുക്കളയാണ് ഉണ്ടായിരുന്നത്;ബാങ്കിന്റെ ജപ്തി ഒഴിവാക്കാനുളള ശ്രമങ്ങള്‍ കൃഷ്ണമ്മ മുടക്കി; നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍

നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവിനെയും ബന്ധുക്കളെയും റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവ് ചന്ദ്രന്‍, ബന്ധുക്കളായ കൃഷ്ണമ്മ, ശാന്ത, കാശി, എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം, ഗാര്‍ഹിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. വൈകിട്ടോടെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി രണ്ടില്‍ ഹാജരാക്കിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

മന്ത്രവാദം അടക്കമുളള ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വെളളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വി നായരിനാണ് അന്വേഷണ ചുമതല. അമ്മായിയമ്മയായ കൃഷ്ണമ്മയുടെ പെരുമാറ്റം ആണ് ഭാര്യയേയും മകളേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മകനായ ചന്ദ്രന്‍ നല്‍കിയ മൊഴി. ഇരുവരേയും വ്യക്തിഹത്യ ചെയ്യും വിധത്തിലുളള പെരുമാറ്റം കൃഷ്ണമ്മയില്‍ നിന്ന് ഉണ്ടായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

ഒരു വീട്ടില്‍ തന്നെ രണ്ട് അടുക്കളയിലാണ് ഇരു കൂട്ടരും പാചകം പോലും ചെയ്തിരുന്നതായി പ്രതികള്‍ മൊഴി നല്‍കി. ബാങ്കിന്റെ ജപ്തി ഒഴിവാക്കാന്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും ഭര്‍ത്തൃമാതാവായ കൃഷ്ണമ്മ അതും മുടക്കി. ഇതോടെയുണ്ടായ മനോവിഷമം ആത്മഹത്യക്ക് കാരണമായി. പ്രതികളെ അന്വേഷണോദ്യേഗസ്ഥനായ വെളളറട സര്‍ക്കിള്‍ ഇന്‌സ്‌പെക്ടര്‍ ബിജു വി നായര്‍ ചോദ്യം ചെയ്തു. ആവശ്യമെങ്കില്‍ മാത്രം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാം എന്നതാണ് പോലീസിലെ ധാരണ.
ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി കൂടി രേഖപെടുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ബന്ധുക്കളുടെയും അയല്‍ക്കാരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

error: Content is protected !!