തളിപ്പറമ്പ് എഇഒ ഓഫീസില്‍ നിന്നും അഡ്മിഷന്‍ രജിസ്റ്ററിലെ പേജ് മോഷണം : മുന്‍ വനിത സൂപ്രണ്ടിനെതിരെ കേസെടുത്തു

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് എഇഒ ഓഫീസില്‍ നിന്ന് അഡ്മിഷന്‍ രജിസ്റ്ററിലെ പേജ് മോഷണം പോയ സംഭവത്തില്‍ മുന്‍ വനിത സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ മുപ്പതിന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച നോര്‍ത്ത് എഇഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഇ.കെ.സത്യഭാമക്കെതിരെയാണ് കേസ്.

കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു എഇഒ ഓഫീസിലെ രജിസ്റ്ററില്‍ നിന്ന് ഒരു പേജ് മോഷ്ടിച്ചതായി കാണിച്ച് എഇഒ മുസ്തഫ പുളുക്കൂല്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തുന്നതിനിടെ കീറി കഷണങ്ങളാക്കി മാറ്റിയ പേജ് കവറിലാക്കി ഓഫീസില്‍ തിരിച്ചെത്തുകയും ചെയ്തു. മുതുകുട എഎല്‍പി സ്‌കുളിലെ അധ്യാപിക പി.മീരയുടെ നിയമനം ഇല്ലാതാക്കാന്‍ വേണ്ടിയാണ് രേഖ മോഷ്ടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

തിരിച്ചുകിട്ടിയ രേഖ യിലെ വിരലടയാളം സംബന്ധിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സത്യഭാമയാണ് സംഭവത്തിന്റെ പിറകിലെന്ന് വ്യക്തമായത്. സത്യഭാമയെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന്റെ ശേഷമാണ് കേസെടുത്തത്. പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയാന്‍ സത്യഭാമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

error: Content is protected !!