ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവ്.

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് സംഭവത്തിൽ ഉത്തരവാദിയായ ഡോക്ടറെ സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

കഴിഞ്ഞദിവസമാണ് മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യിൽ മജീദിന്റെ മകൻ മുഹമ്മദ് ഡാനിഷിനെ(7) യാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മണ്ണാർക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്റെ മകൻ ധനുഷിനാണ് (6) ഹെർണിയയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്.

ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും തിയേറ്ററിൽ പ്രവേശിപ്പിച്ചത്. ഇ.എൻ.ടി. ഡോക്ടർമാർ ഡാനിഷിനെ ശസ്ത്രക്രിയ നടത്താൻ തിരക്കിയപ്പോഴാണ് ആളുമാറിയ വിവരം അറിഞ്ഞത്.അബദ്ധം മനസ്സിലാക്കിയതോടെ പത്തരയോടെ തിയേറ്ററിനു പുറത്തേക്ക് കുട്ടിയെ എത്തിച്ചു. അപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയ നടത്തിയത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ വയറ്റിൽ എന്തിനാണ് ശസ്ത്രക്രിയ നടത്തിയതെന്നു ഡോക്ടറോട് തിരക്കിയതായി മജീദ് പറയുന്നു. ഹെർണിയ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അതു നടത്തിയതെന്നായിരുന്നു മറുപടി.

error: Content is protected !!