പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ പഠനമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകള്‍വച്ചാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം. ഇക്കാര്യം കേന്ദ്ര ജലകമ്മീഷനും ശരിവച്ചിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ സംസ്ഥാനത്തെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ല. ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കുകയോ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കിയില്ലെന്നും ഇതെല്ലാം മഹാപ്രളയത്തിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രളയം മനുഷ്യ നിര്‍മിതമാണെന്നും ഡാം മാനേജ്‌മെന്റില്‍ പാളിച്ചകളുണ്ടെന്നും തുടക്കം മുതല്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു എന്നാല്‍ പെട്ടന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

error: Content is protected !!