വൃക്ക തകരാറിലായ കെ എസ് യു നേതാവിന് വൃക്ക നല്‍കാന്‍ മുന്‍ എസ് എഫ് ഐ നേതാവ്.

ആലപ്പുഴ: വൃക്ക തകരാറിലായി ചികിത്സയ്ക്കായി ബുദ്ധിമുട്ടിയ കെ എസ് എസ് യു നേതാവിന് വൃക്ക നല്‍കാന്‍ സന്നദ്ധനായിരിക്കുകയാണ് എസ് എഫ് ഐ നേതാവായിരുന്ന യുവാവ്.

ജവാഹർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്കാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചത്. കെഎസ്‌യു ബാൻഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയർ ചെയ്താണ് എസ്എഫ്ഐയുടെ അഭ്യർഥന.

റാഫിക്കു തന്റെ വൃക്ക നൽകാമെന്ന് സന്നദ്ധത അറിയിച്ചത് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ചെയർമാൻ ഇ.ഷാനവാസ് ഖാൻ. ഇതിനുള്ള പരിശോധനകൾ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ കണ്ണൂർ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്കിലെ അഭ്യർഥനയ്ക്കൊപ്പം പ്രവർത്തകരിൽ നിന്നു നേരിട്ടു പണം കണ്ടെത്താനും ശ്രമം തുടങ്ങിയെന്ന് എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ്.സന്ദീപ്‌ലാൽ പറഞ്ഞു. ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് കുടുംബത്തിന്റെ ആകെ വരുമാനം. താമസം വാടകവീട്ടിലും.  എസ് എഫ് ഐ,യുടെ ഇടപെടൽ സമൂഹ മാധ്യമങ്ങളിൽ വലിയ സന്ദേശമാണ് നൽകുന്നത്. കലാലയ രാഷ്ട്രീയത്തിലെ രാഷ്ട്രീയ വൈര്യം നന്മ ചെയ്യാൻ ഒരു തടസ്സമല്ല എന്ന് തെളിയിക്കുകയാണ് എസ് എഫ് ഐ. ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിയുടെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 10540100300824. ഐഎഫ്എസ്‌സി: FDRL0001054. ഫോൺ: 90481 00377.

error: Content is protected !!