മഴവെള്ളപാച്ചിലിൽ ആറംഗ ഇന്ത്യൻ കുടുംബത്തെ ഒമാനിൽ കാണാതായി

ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ഇന്നും കനത്ത മഴ. കനത്ത മഴയെതുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ ആറംഗ ഇന്ത്യൻ കുടുംബത്തെ ഒമാനിൽ കാണാതായി. വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനീ ഖാലിദിയിലാണ് അപകടമുണ്ടായത്. ഏഴംഗ സംഘത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

ഇബ്രയിലെ ഇബ്നുഹൈതം ഫാർമസിയിലെ ഫാർമസിസ്റ്റ് സർദാർ ഖാന്‍റെ കുടുംബമാണ് ദുരന്തത്തിൽ പെട്ടത്. സർദാർ ഖാന്‍റെ പിതാവ് ഖാൻ ഖൈറുല്ല സത്താർ, മാതാവ് ഷബ്ന ബീഗം ഖൈറുല്ല, ഭാര്യ അർഷി ഖാൻ, മകൾ സിദ്റ ഖാൻ, സൈദ് ഖാൻ, നൂഹ് ഖാൻ എന്നിവരെയാണ് കാണാതായത്. സർദാർ ഖാൻ മരത്തിൽ പിടിച്ചുകയറിയാണ് രക്ഷപ്പെട്ടത്‌

നാട്ടിൽ നിന്ന് വിസിറ്റിങ് വിസയിലെത്തിയ പിതാവും മാതാവുമായി ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കുടുംബം വാദി ബനീ ഖാലിദിൽ എത്തിയത്. ഞായറാഴ്ച രാവിലെ മുതൽ പൊലീസും സിവിൽ ഡിഫൻസും പ്രദേശവാസികളും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വാദി ബനീഖാലിദ് മേഖലയിലാണ് ഏറ്റവുമധികം മഴ പെയ്തത്. വാദി ബനീ ഖാലിദിലെ മസ്റ മേഖലയിൽ വീട്ടിനുള്ളിൽ മഴ വെള്ളം കയറിയതിനെ തുടർന്ന് അപകടാവസ്ഥയിലായ 12 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.

error: Content is protected !!