കേരളത്തിൽ ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മത്സ്യമേഖലയുടെ സംരക്ഷണത്തിനായി നടപ്പാക്കുന്ന ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് തുടങ്ങുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ട്രോളിങ് സംബന്ധിച്ച് സർക്കാർ വിളിച്ചു ചേർത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ 31-വരെ നീണ്ടു നിൽക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വർഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കിയിരുന്നു. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിങ് നിരോധനമെന്ന് മന്ത്രി.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിരോധനത്തിന്‍റെ ഭാഗമായി പ്രവർത്തനം തുടങ്ങി. നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടു പോകും.

കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐ ഡി കാർഡ് കൈയിൽ കരുതേണ്ടതാണ്. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കുമെന്ന് മന്ത്രി.

മത്സ്യമേഖലയിലെ വിവിധ പ്രതിനിധികളായ പി.പി. ചിത്തരഞ്ജൻ, ടി. രഘുവരൻ, കെ.കെ. രാധാകൃഷ്ണൻ, പുല്ലുവിള സ്റ്റാൻലി, ടി. പീറ്റർ, ഉമ്മർ ഒട്ടുമാൽ, ജാക്‌സൺ പൊള്ളയിൽ, ചാൾസ് ജോർജ്, അലോഷ്യസ് ജോർജ്ജ്, എസ്. നാസ്സറുദ്ദീൻ, ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!