കണ്ണൂർ മണ്ഡലത്തിൽ 200 കള്ളവോട്ട് നടന്നതായി യുഡിഎഫ് പരാതി നൽകി.

കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ 200 വോട്ടർമാരുടെ പേരിൽ സിപിഎം കള്ളവോട്ട് ചെയ്തതായി യുഡിഎഫ് പരാതി നൽകി. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്ത് 47ാം ബൂത്തിലെ വോട്ടറായ എ.കെ. സയൂജ് 52, 53 ബൂത്തുകളിൽ വോട്ട് ചെയ്തതായി വിഡിയോ സഹിതമാണു പരാതി. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പേരാവൂർ, മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലേതാണു മറ്റു 199 പരാതികൾ. കെ.സുധാകരന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് കെ.സുരേന്ദ്രനാണു കലക്ടർ മിർ മുഹമ്മദലിക്കു പരാതി നൽകിയത്.

ധർമടം മണ്ഡലത്തിൽ 22 കള്ളവോട്ട് നടന്നതായി ബോധ്യപ്പെട്ടെന്നു യുഡിഎഫിന്റെ പരാതിയിൽ പറയുന്നു. 6 വോട്ട് സ്ത്രീകളാണു ചെയ്തത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വിശ്വസ്തന്റെ കൊച്ചുമകളായ പതിനേഴുകാരിയാണ് വേങ്ങാട് പഞ്ചായത്തിലെ 46ാം നമ്പർ ബൂത്തിൽ വിസ്മയ എന്ന വോട്ടറുടെ പേരിൽ കള്ളവോട്ട് ചെയ്തത്. ഇതേ പ‍ഞ്ചായത്തിലെ 42ാം നമ്പർ ബൂത്തിൽ കെ. മെഹ്റൂഫ് എന്നയാളുടെ വോട്ട് ചെയ്തത് മകൻ നുഫൈസാണ്. 42ാം നമ്പർ ബൂത്തിൽ കുഞ്ഞിരാമന്റെ മകൻ രജിതയുടെ വോട്ട് മറ്റൊരു രജിത ചെയ്തു.

പേരാവൂർ മണ്ഡലത്തിൽ 35 കള്ളവോട്ടുകൾ ചെയ്തെന്നു പരാതിയിൽ പറയുന്നു. ഇതിൽ 6 പേർ സ്ത്രീകളാണ്. സി.അഖിൽ സ്വന്തം വോട്ട് ഉൾപ്പെടെ 5 വോട്ടും അഖിൽ കൃഷ്ണ, സനോജ് എന്നിവർ സ്വന്തം വോട്ട് ഉൾപ്പെടെ 4 വോട്ട് വീതവും വിനയൻ, അശ്വിൻ എന്നിവർ സ്വന്തം വോട്ട് ഉൾപ്പെടെ 3 വോട്ട് വീതവും ചെയ്തു. തളിപ്പറമ്പ് മണ്ഡലത്തിൽ 77 കള്ളവോട്ട് നടന്നെന്നും പരാതിയിൽ പറയുന്നു. ഇതിൽ 17 കള്ളവോട്ട് ചെയ്തതു സ്ത്രീകളാണ്.

കുട്ട്യേരി വില്ലേജിലെ 5ാം നമ്പർ ബൂത്തിൽ മുൻ പഞ്ചായത്തംഗം നളിനി ഇതേ ബൂത്തിലെ കെ.എ. മാലതിയുടെ വോട്ട് ചെയ്തു. മലപ്പട്ടം പഞ്ചായത്തിലെ 192ാം ബൂത്തിലെ കെ. വിജയിന്റെ വോട്ടും 193ാം ബൂത്തിലെ അക്ഷയിന്റെ വോട്ടും ആദർശ് എന്നയാളാണു ചെയ്തത്. തളിപ്പറമ്പ് മണ്ഡലത്തിലെ 172ാം നമ്പർ ബൂത്തിൽ ജിതിൻ എന്നയാൾ സ്വന്തം വോട്ടുൾപ്പെടെ 5 വോട്ടും സഹോദരി ആര്യ സ്വന്തം വോട്ടുൾപ്പെടെ 3 വോട്ടും ചെയ്തു. മട്ടന്നൂർ മണ്ഡലത്തിൽ 65 കള്ളവോട്ട് നടന്നു. 11 കള്ളവോട്ട് ചെയ്തതു സ്ത്രീകളാണ്. 104ാം നമ്പർ ബൂത്തിലെ ചിത്രലേഖ സ്വന്തം വോട്ട് ഉൾപ്പെടെ 4 വോട്ട് ചെയ്തു. മട്ടന്നൂർ മണ്ഡലത്തിലെ 79–ാം നമ്പർ ബൂത്തിലെ വോട്ടറായ വി.കെ. അയന ധർമടം മണ്ഡലത്തിലെ 48ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തുവെന്നു പരാതിയിൽ പറയുന്നു. പരാതിയിൽ ആരോപിക്കുന്ന എല്ലാ ബൂത്തിലെയും വിഡിയോ പരിശോധിക്കുമെന്നു കലക്ടർ പരാതിക്കാരെ അറിയിച്ചു.

error: Content is protected !!