ബാറ്റിങ്ങിനിടെ മൂന്ന് സ്റ്റമ്പും അടിച്ചിട്ടു; നാണംകെട്ട് ഷൊയബ് മാലിക്കിന്റെ പുറത്താകല്‍.

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഷൊയബ് മാലിക്കിന്റെ പുറത്താകല്‍ വൈറലാകുന്നു. മാര്‍ക്ക് വുഡ്ഡിന്റെ പന്തില്‍ ഹിറ്റ് വിക്കറ്റായാണ് മാലിക് പുറത്താകുന്നത്. 26 പന്തില്‍ 41 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മാലിക് ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കവെ മൂന്ന് സ്റ്റമ്പുകളും അടിച്ചിട്ട് പുറത്താവുകയായിരുന്നു.

പരമ്പര സമനിലയിലാക്കാന്‍ ജയിച്ചേ തീരൂ എന്ന മട്ടിലാണ് പാക്കിസ്ഥാന്‍ കളിക്കാനിറങ്ങിയത്. മുന്‍നിര താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ബാറ്റിങ്ങിനിറങ്ങിയ മാലിക്കും തകര്‍പ്പന്‍ ഷോട്ടുകളിലൂടെ കൈയ്യടിനേടിക്കൊണ്ടിരിക്കെയാണ് സ്‌കൂള്‍കുട്ടികള്‍പോലും കാണിക്കാത്ത ഷോട്ടിലൂടെ പുറത്താകുന്നത്. 47-ാം ഓവറില്‍ മാര്‍ക്ക് വുഡ്ഡിന്റെ പന്ത് കട്ട് ചെയ്യാനായി ശ്രമിക്കവെ മാലിക്ക് മൂന്നു സ്റ്റമ്പുകള്‍ക്കുമാണ് ബാറ്റ്‌വെച്ചത്. ഒരുനിമിഷം എന്താണ് ചെയ്‌തെന്ന് വിശ്വസിക്കാനാകാതെ നോക്കിനിന്ന മാലിക് പിന്നീട് പവലിയനിലേക്ക് മടങ്ങി.
മത്സരത്തില്‍ പാക്കിസ്ഥാന്‍ 3 വിക്കറ്റിന് തോറ്റ് പരമ്പര അടിയറവ് വെച്ചിരുന്നു. നിശ്ചിത 50 ഓവറില്‍ പാക്കിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തപ്പോള്‍ 49.3 ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം നഷ്ടമായപ്പോള്‍ പിന്നീട് മൂന്ന് കളികളിലും ജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. അഞ്ചാം മത്സരം ഞായറാഴ്ച നടക്കും.

error: Content is protected !!