പി കെ ശ്രീമതി ടീച്ചർ തുന്നൽ ടീച്ചറാണെന്ന വ്യാജപ്രചാരണത്തിന് മറുപടിയുമായി യുവതിയുടെ ഫെയ്സ്ബുക് കുറിപ്പ്; യുവതിയും അമ്മയും ടീച്ചറുടെ ശിഷ്യർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വഴി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പരസ്യ പ്രതികരണവുമായി യുവതി. ശ്രീമതി ടീച്ചറെ തുന്നൽ ടീച്ചറെന്നു വിളിച്ചതിപേക്ഷിക്കുന്നവർക്ക് ചുട്ട മറുപടിയുമായാണ് ശാലിനി കൈപ്രത്ത് എന്ന യുവതി പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്.കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിൽ ശ്രീമതി ടീച്ചറെ പരോക്ഷമായി വിമർശിച്ചിരുന്നു,ഇതിന്റെ തുടർച്ചയെന്നോണമാണ് തുന്നൽ ടീച്ചർ പ്രയോഗവുമായി ഒരു വിഭാഗം വ്യാജപ്രചാരണം അഴിച്ചുവിട്ടത്.

ഇതിനെതിരെ ശക്തമായി പ്രതികരണവുമായാണ് ശാലിനി രംഗത്തെത്തിയത്.തന്റെ അമ്മയെയും തന്നെയും പഠിപ്പിച്ചത് ശ്രീമതി ടീച്ചറാണെന്ന വാദവുമായാണ് യുവതി എത്തിയത്. നെരുവമ്പ്രം യു പി സ്കൂളിൽ തന്നെ അഞ്ചാം ക്ലാസ്സിൽ സാമൂഹ്യ ശാസ്ത്രം ആയിരുന്നു ശ്രീമതി ടീച്ചർ പഠിപ്പിച്ചിരുന്നതെന്നും യുവതി പറയുന്നു.ഫേസ്ബുക്കിലൂടെയായിരുന്നു യുവതി പ്രതികരണവുമായെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ശ്രീമതി ടീച്ചറെ തുന്നൽ ടീച്ചറെന്നു വിളിക്കുന്നവരോട്

ചെങ്ങൽ എൽ പി സ്‌കൂളിൽ നിന്നും നാലാം ക്ലാസ് പാസായി ഞാൻ അഞ്ചാം ക്ലാസ്സിൽ ചേർന്നത് നെരുവമ്പ്രം യു പി സ്‌കൂളിലായിരുന്നു. അമ്മയുടെ കയ്യും പിടിച്ചു സ്‌കൂളിലേക്ക് അമ്പരപ്പോടെയും ആകാംക്ഷയോടെയും വന്ന എന്നെ അമ്മ ആദ്യം പരിചയപ്പെടുത്തിയത് അമ്മയുടെ അധ്യാപികയായിരുന്ന ശ്രീമതി ടീച്ചറെയായിരുന്നു. നിറഞ്ഞ ചിരിയുമായി ഞങ്ങളെ എതിരേറ്റ ടീച്ചറെ കണ്ടപ്പോൾ തന്നെ എന്റെ അമ്പരപ്പ് മുഴുവൻ മാറി. അമ്മയെ ഗണിതശാസ്ത്രം പഠിപ്പിച്ച ശ്രീമതി ടീച്ചർ എനിക്ക് അഞ്ചാം ക്ലാസിൽ ടീച്ചർ സാമൂഹ്യപാഠമായിരുന്നു പഠിപ്പിച്ചിരുന്നത്. കുട്ടികൾ എല്ലാവരേയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളായിരുന്നു ശ്രീമതി ടീച്ചർ. അതുകൊണ്ടു തന്നെ കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട അധ്യാപികയായിരുന്നു. സ്‌കൂളിലെ ഓരോ കുട്ടിയോടും ടീച്ചർ കാണിച്ചിരുന്ന സ്നേഹം വാക്കുകളിൽ വിവരിക്കാനാവുന്നതല്ല.

ഇന്നേ വരെ ഒരു കുട്ടിയെ പോലും ടീച്ചർ വടി കൊണ്ടോ കൈകൊണ്ടോ ശിക്ഷിച്ചതായോ വല്ലാതെ ദേഷ്യപ്പെട്ടതായോ കണ്ടിട്ടില്ല. അത്രയേറെ നന്മ നിറഞ്ഞ ടീച്ചറുടെ സ്‌നേഹപൂർവമായ ഇടപെടലുകൾ കുട്ടികളെ നേർവഴിക്ക് നയിക്കുന്നതായിരുന്നു. അത് കൊണ്ട് തന്നെ തികഞ്ഞ അനുസരണ കുട്ടികൾ ടീച്ചറോട് കാട്ടിയിരുന്നു. അത്യപൂർവമായി ടീച്ചർ കുട്ടികളെ ശകാരിക്കേണ്ടി വന്നാൽ പിന്നീട് കുട്ടികളെ അടുത്ത് വിളിച്ചിരുത്തി വാത്സല്യപൂർവ്വമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നത് കണ്ടിട്ടുണ്ട്. എന്റെ അമ്മയെ പഠിപ്പിച്ച ടീച്ചർ ആയത്കൊണ്ട് തന്നെ എനിക്ക് ടീച്ചറോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.

pk_sreemathy

ടീച്ചർ വെറും തുന്നൽ ടീച്ചർ ആണ് എന്ന് പറഞ്ഞു സോഷ്യൽ മീഡിയകളിൽ ആക്ഷേപിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അന്നത്തെ സ്‌കൂൾ മാനേജരുടെ മകളായിരുന്ന ശാന്ത ടീച്ചറായിരുന്നു ഞങ്ങളെ തുന്നൽ പഠിപ്പിച്ചിരുന്നത്. ശ്രീമതി ടീച്ചർ ഹെഡ്മിസ്ട്രസ് ആയി വിരമിച്ചതിനു ശേഷമാണ് തുന്നൽ ടീച്ചറായ ശാന്ത ടീച്ചർ വിരമിച്ചത്. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. കൂടാതെ പറയാനുള്ളത് തുന്നൽ ടീച്ചർ എന്നത് ഒരു മോശം തൊഴിലല്ല എന്ന് കൂടിയാണ്. തുന്നൽ ടീച്ചർ എന്ന് പറഞ്ഞു അധിക്ഷേപിച്ചു നടക്കുന്നവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ആരെങ്കിലുമൊക്കെ തുന്നിയതാണെന്ന് ഓർക്കുന്നത് നന്നായിരിക്കും. നമ്മുടെ നാടിന്റെ തൊഴിലാണ് നെയ്ത്തും കൈത്തറിയും ഒക്കെ. അതുമായി ബന്ധപ്പെട്ട മഹത്തായ ഒരു തൊഴിലാണ് തുന്നൽ. നിരവധി പേർക്ക് ജീവതമാർഗ്ഗമായ ഒരു തൊഴിലിനെ അധിക്ഷേപിക്കുന്നവർ ഒന്ന് തിരിഞ്ഞു നോക്കിയാൽ അവരുടെ കുടുംബത്തിൽ തന്നെ ഈ തൊഴിൽ ചെയ്ത കുടുംബം പോറ്റുന്ന നിരവധി പേരെ കാണാനാകും.

നിരവധി തലമുറകൾ പഠിച്ചിറങ്ങിയ നെരുവമ്പ്രം യു പി സ്‌കൂൾ പഠനത്തിന് പുറമെ കലാകായിക മേഖലകളിലും കരകൗശല മേഖലകളിലും കഴിവ് തെളിയിച്ച ജില്ലയിലെ ഒരു പ്രധാന വിദ്യാലയമാണ്. ശ്രീമതി ടീച്ചറും ശാന്ത ടീച്ചറും ഉൾപ്പെടെ നിരവധി അധ്യാപികമാർ തുടങ്ങിവച്ച പാതകളിലൂടെയാണ് ഇന്ന് ഈ സ്‌കൂളിലെ വിദ്യാത്ഥികൾ പഠിച്ചിറങ്ങുന്നത്. ഓളെ ഒന്നിനും കൊള്ളൂല എന്ന് പറഞ്ഞു വെക്കുന്ന രാഷ്ട്രീയക്കാരോടും സോഷ്യൽ മീഡിയയെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നവരോടും ഒന്ന് മാത്രമേ പറയാനുള്ളൂ…. “കണ്ടം വഴി ഓടിക്കോ…”

error: Content is protected !!