സംസ്ഥാനത്ത് കലാശക്കൊട്ടിനിടെ പലയിടത്തും സംഘര്‍ഷം. രമ്യാ ഹരിദാസിനു നേരെ കല്ലേറ്‌; വടകര സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി.നസീറിനും സംഘത്തിനും മർദനമേറ്റു.

തിരുവനന്തപുരം: സംസ്ഥാനത്ത് കലാശക്കൊട്ടിനിടെ വ്യാപക സംഘര്‍ഷം. ആലത്തൂരില്‍ കലാശക്കൊട്ടിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. അനില്‍ അക്കരയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വടകര വില്യാപ്പള്ളിയില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷത്തില്‍ പോലീസ് ലാത്തിവീശി. തിരുവല്ലയില്‍ ഇരുപക്ഷങ്ങളും തമ്മിലുള്ള കൈയ്യാങ്കളിയില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

തൊടുപുഴയിലും ഉദുമയിലും മട്ടന്നൂരും പുത്തനത്താണിയിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് ദിവസം വടകര നിയോജക മണ്ഡലത്തില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവല്ലയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കൊട്ടികലാശത്തിന്റെ അവസാന മണിക്കൂറുകളിലാണ് സംഘര്‍ഷം കനത്തത്.ഒന്നര മണിക്കൂറിലേറെ സംഘര്‍ഷം നീണ്ടതോടെയാണ് പോലീസ് ലാത്തിവീശിയത്. കലാശക്കൊട്ടിന് പ്രചാരണ വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ വാഹനങ്ങളും തല്ലിതകര്‍ത്തു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മേപ്പയ്യൂർ ∙ വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി.നസീറിനും സംഘത്തിനും ടൗണിൽ മർദനമേറ്റു. മുൻ സിപിഎം നേതാവും തലശ്ശേരി നഗരസഭാ മുൻ കൗൺസിലറുമാണ് സി.ഒ.ടി.നസീർ. അവസാനഘട്ട പ്രചാരണത്തിന് ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനവുമായി എത്തിയതായിരുന്നു നസീറും സംഘവും. നസീർ സംസാരിക്കുന്നതിനിടെയാണു സംഘടിച്ചെത്തിയവർ മർദിച്ചത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണു മർദിച്ചതെന്നു നസീർ ആരോപിച്ചു.

വടകരയില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വടകരയില്‍ പ്രതിഷേധിക്കാരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമല്‍, മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തൊടുപുഴയില്‍ യുഡിഎഫിന് അനുവദിച്ച മേഖലയിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയറിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. എറണാകുളത്തും സംഘര്‍ഷം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് എകെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.

error: Content is protected !!