പെൺകുട്ടിയെ കടന്നുപിടിച്ച പോലീസുകാരനെ നാട്ടുകാർ പിടികൂടി; പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേര്‍ക്ക് അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചു., റൂറൽ എ ആര്‍ ക്യാംപിലെ പോലീസുകാരനായ മാറനല്ലൂര്‍ അരുമാളൂര്‍ കണ്ടല എള്ളുവിള വീട്ടിൽ നവാദ് റാസ(32)യെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി കാട്ടാക്കടയിലായിരുന്നു സംഭവം വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങവെ മദ്യപിച്ചെത്തിയ നവാദ് പെൺകുട്ടിയെ കടന്നു പിടിക്കുകയും മാല പൊട്ടിച്ചെടുക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.

എന്നാൽ രാത്രിയോടെ ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ആശുപത്രിയിൽ എത്തിച്ച പ്രതി ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജോസിനെ തളളി മറിച്ചിട്ടു ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഇയാളെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടിച്ചു നിര്‍ത്തി. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ഇയാളെ സെല്ലിൽ അടയ്ക്കുകയായിരുന്നു. ജോസിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെല്ലിൽ അടച്ച നവാദ് സ്വയം തലടിച്ചു പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും അക്രമാസക്തനാകുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

പിടിച്ചു പറി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!