പ്രിയങ്കാ ഗാന്ധിയുടെ ഉറക്കം കളഞ്ഞ് മരപ്പട്ടി

കോഴിക്കോട്: കോഴിക്കോട് എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉറക്കെംകെടുത്തി മരപ്പട്ടി. ഗസ്റ്റ്ഹൗസിന്‍റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി. ബുധനാഴ്ച രാത്രി വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്.

ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചർച്ചകൾക്കുശേഷം പതിനൊന്നരയോടെയാണ് മുറിയിൽ ഉറങ്ങാനെത്തിയത്. പുലർച്ചെ രണ്ടരയോടെ തട്ടിൻമുകളിൽനിന്ന് ശബ്ദംകേട്ട് പ്രിയങ്ക ഉണർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരപ്പട്ടി തട്ടിന്മുകളിൽ ഓടുന്നതാണെന്ന് വ്യക്തമായി. സുരക്ഷ ഉദ്യോഗസ്ഥര്‍ മരപ്പട്ടിയുടെ ശല്യം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മരപ്പട്ടി ശല്യം കൂടിയതോടെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് മാറുവാന്‍ പ്രിയങ്ക ആലോചിച്ചു. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അലട്ടിയെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരു ഹോട്ടലിലേക്ക് പോകാൻ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ പൊലീസിന് നിർദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തന്‍റെ ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചു. ഇതോടെ മുറിമാറുന്ന കാര്യം പ്രിയങ്ക ഉപേക്ഷിച്ചു. അപ്പോഴേക്കും സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു.

error: Content is protected !!