നാല് ക്ലിക്കില്‍ പ്രസൂണ്‍ രചിച്ചത് നൂറ്റാണ്ടിന്റെ കവിതയാണ്. ഈ പെണ്‍കുട്ടിയോട് മരമുത്തശ്ശി മന്ത്രിച്ചതെന്താവും.!!!!

 

ചില ചിത്രങ്ങള്‍ക്ക് ഭാവനാവിസ്മയങ്ങളായ കവിതകളേക്കാള്‍ വലിയ ദൃശ്യ വിസ്മയം പകരാന്‍ സാധിക്കും. എന്നാല്‍ ആ ചിത്രങ്ങളുടെ, അതിന്റെ ആത്മാവിനോളം പോന്ന വരികളും ചേര്‍ക്കപ്പെട്ടാലോ.!, കണ്ണൂരിലെ ഫോട്ടോഗ്രാഫര്‍ പ്രസൂണ്‍ തന്റെ ക്യാമറ കണ്ണുകളില്‍ പകര്‍ത്തിയ ചിത്രവും വരികളും അത്തരത്തില്‍ നമ്മെ വിസ്മയിപ്പികുകയാണ്. ചിത്രം  നമ്മോട് എന്തോ രഹസ്യം മന്ത്രിക്കുന്നത് പോലെ തോന്നും. ഈ കൊടിയ ചൂടുകാലത്ത് തന്റെ വേര്‍പാട് ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കുവാണോ ആ ”വീണ വൃക്ഷം”.! ഒരു വേള, ആശാന്റെ മഹാ കാവ്യമായ  ”വീണ പൂവിനെ” ഓര്‍ത്തു പോകും  പ്രസൂണിന്റെ ഈ നാല്ക്ലിക്കുകള്‍ കണ്ടാല്‍. ഒരു മുത്തശ്ശി മരം അതാ വീണു കിടക്കുകയാണ്. തന്റെ പ്രതാപകാല ഗതകാല സ്മരണകള്‍ അയവിറക്കി കൊണ്ട്. പക്ഷേ ചിത്രത്തില്‍ മരമുത്തശ്ശി തനിച്ചല്ല, കൂട്ടിനൊരു കൊച്ചു മിടുക്കിയുണ്ട്. ഏറെ കരുകലോടെ കുട്ടിയെ മുത്തശ്ശി മാറോടടുക്കുകയാണ്. കുട്ടിയുടെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നുണ്ട് മരമുത്തശ്ശി. ചിത്രം സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കാ രഹസ്യം കേള്‍ക്കാം.

ആറളം ചീങ്കണ്ണിപ്പുഴയില്‍ പ്രകൃതി പഠന സൗഹൃദ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതാണ് പെണ്‍കുട്ടി. അവിടെയെത്തിയ പ്രസൂണ്‍ അവിചാരിതമായി ചിത്രം പകര്‍ത്തുകയായിരുന്നു. പ്രസൂണിന്റെ ഫേസ് ബുക്ക് സൗഹൃദം അത്ര കണ്ട് വലുതല്ലാത്തത് കൊണ്ടാവാം, ഇതുവരെ ചിത്രമങ്ങ് വൈറലൊന്നുമായില്ല . എന്നാല്‍ ഒരിക്കല്‍ കണ്ടാല്‍ ആര്‍ക്കും വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരിക്കാന്‍ തോന്നുന്ന എന്തോ ഒരു മാസ്മരികത ചിത്രത്തില്‍ കാണാം. അത് കൊണ്ട് കണ്ടവരൊന്നും ഈ ചിത്രങ്ങള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ സ്വകാര്യ ഫോള്‍ഡറില്‍ എന്നത്തേക്കുമായി സൂക്ഷിക്കാതിരിക്കില്ല.

പ്രസൂണ്‍ ചിത്രത്തിനൊപ്പം ചേര്‍ത്ത കവിതാ ശകലം വായിക്കാം:

പ്രളയപെയ്ത്തില്‍
വീണുപോയ മരത്തോട്
കടും വേനലില്‍
ഒരു പെണ്‍കുട്ടി
ഒറ്റയ്ക്ക്
നിശ്ശബ്ദം പറയുന്നത്..

ആറളം ചീങ്കണ്ണി പുഴയിലായിരുന്നു ആ വൃക്ഷരാജന്‍. പ്രകൃതിപഠനകൂട്ടായ്മയില്‍ അമ്മയോടൊപ്പം എത്തിയ ഒരു കുഞ്ഞു പെണ്‍കുട്ടി ആള്‍ക്കൂട്ടത്തില്‍ നിന്നുമകന്ന് മരത്തോട് ചേര്‍ന്ന് കുഞ്ഞുഭാഷയില്‍ ഒറ്റയ്ക്ക് സംസാരിക്കുകയാണ്. പ്രളയജലം വേരിളക്കിയ, ക്രൗര്യമഴവലിച്ചിട്ട ഒരു ഘനദേഹം. ഉറുമ്പുകള്‍ക്കും ചീവീടുകള്‍ക്കും ചിലന്തികള്‍ക്കും മരയോന്തുകള്‍ക്കും വിഹിതപ്പെടാന്‍ ധ്യാനിക്കുമ്പോള്‍, നൂറ്റാണ്ടുകളുടെ ഹിമജലമുരുകിയ ഉരുളന്‍കല്ലുകളുടെ മേലെ, ഇന്ന് വരണ്ടുമെലിഞ്ഞ പുഴയുടെ അവ്യക്തമായ ഒച്ചയെ കേള്‍ക്കുന്നുണ്ടാവാമത്. ഉള്ളകത്തെ അവസാന ജലകണികയും വെയിലെടുക്കുമ്പോള്‍ പൊള്ളിയുരുകുന്നുണ്ടാവാം.

കാത് ചേര്‍ത്ത് കിടന്നപ്പോള്‍ അവളോട് മരം പറഞ്ഞ കഥയില്‍ ചേര്‍ന്നിരുന്ന കിളികളുണ്ടാവാം, ഏറ്റ മഴ, കാടിന്റെ തണുപ്പ്, കാറ്റ്, ഉള്ളകം ചേര്‍ന്ന ഋതുക്കള്‍..വനനിഗൂഢത..

‘ കുഞ്ഞുങ്ങളോട് മാത്രം സ്വയം പരിഭാഷപ്പെടുന്ന മരത്തെ നമുക്കറിയാഞ്ഞിട്ടാണ്..’ 

പ്രസൂണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: 

error: Content is protected !!