പി സി ജോർജ് എൻഡിഎ യിൽ ചേർന്നു

പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.

കസ്തൂരി രംഗൻ റിപ്പോർട്ടിന്‍റെ കാര്യത്തിലും റബ്ബർ കർഷകരുടെ പ്രശ്നത്തിലും നല്ല ഇടപടലുകൾ എന്‍ഡിഎ സർക്കാർ നടത്തിയെന്ന് പിസി ജോർജ്ജ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാൻ എന്‍ഡിഎക്ക് കഴിയുമെന്നും പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ  വൻ വിജയം നേടുമെന്നും പിസി ജോർജ്ജ് പറഞ്ഞു.  കെ സുരേന്ദ്രൻ 75,000 വോട്ടിന് വിജയിക്കുമെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ  എന്‍ഡിഎ  ജയിക്കുമെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി സത്യകുമാർ, സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള  തുടങ്ങിയവും ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് പി സി ജോര്‍ജ് രംഗത്തുവന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!