നോട്ട് നിരോധനം ; രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ; തെളിവുകളുമായി കോൺഗ്രസ്

നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ ബിജെപിയുടെ അടുപ്പക്കാർ മാറിയെടുത്തുവെന്നതിന്‍റെ തെളിവാണ് പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപ്പറേഷന്‍റെ ഗോഡൗണിൽ പണം കൈമാറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു. കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലാണ് തെളിവുകൾ പരസ്യമാക്കിയത്.

ഒറ്റയടിക്ക് 320 കോടി രൂപ വരെ അടുപ്പക്കാർക്ക് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും മാറി നൽകിയിട്ടുണ്ട്. വിദേശത്ത് കറൻസി അടിച്ച ശേഷം ഇന്ത്യയിൽ എത്തിച്ചാണ് ഇത്തരത്തിൽ നിരോധിച്ച നോട്ടുകൾ മാറി നൽകിയത്. ഇപ്പോഴും പഴയ നോട്ടുകൾ വാങ്ങി പുതിയത് നൽകുകയാണെന്നും ഇതിന് പിന്നിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ബിജെപി അധ്യക്ഷൻ അമിത് ഷായാണ് അഴിമതിക്ക് ചുക്കാൻ പിടിച്ചതെന്നും കപിൽ സിബൽ ആരോപിച്ചു.

40 ശതമാനം കമ്മീഷൻ വാങ്ങി അസാധുനോട്ടുകൾ സർക്കാർ ഉദ്യോഗസ്ഥരും ബാങ്കുകാരും മാറി നൽകിയെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പണം മാറി നൽകുന്നതിന്‍റെ ദൃശ്യങ്ങൾ വരെ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.

error: Content is protected !!