മോദി നാമനിര്‍ദേശ പത്രികയിൽ സ്വത്തുവിവരം മറച്ചുവെച്ചതായി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് കോൺഗ്രസ്. 2007ലെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗാന്ധിനഗറില്‍ ഭൂമിയുണ്ടെന്ന് മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ അതിന് പകരം മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്. 2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ നാമനിര്‍ദേശ പത്രികയിലും ഇതേ ഭൂമി പരാമർശിച്ചിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യം.

കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ടും സുപ്രീം കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹരജിയുമാണ് കോണ്‍ഗ്രസ് ആരോപണത്തിന് ആധാരം. 2007ലെ സത്യവാങ്മൂലത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ സെക്റ്റര്‍ ഒന്നില്‍ പ്ലോട്ട്‌നമ്പര്‍ 411 എന്ന ഭൂമി സ്വന്തമാണെന്ന് മോദി അവകാശപ്പെട്ടിരുന്നു. 2014ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2012ലേക്കും 2014ലേക്കും എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. പകരം മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഭൂമി നമ്പര്‍ 401 എ ആണെന്നും നാല് ഉടമസ്ഥരില്‍ ഒരാളെന്നുമാണ് മോദിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ സത്യവാങ്മൂലത്തിലും ഇതേ ഭൂമിയുണ്ട്. ഗാന്ധിനഗറില്‍ സെക്റ്റര്‍ ഒന്നില്‍ പ്ലോട്ട്‌നമ്പര്‍ 401ന്റെ ഉടമയെന്നാണ് ജെയ്റ്റിലി വ്യക്തമാക്കിയിട്ടുള്ളത്‍. 2014ലേക്കെത്തിയപ്പോള്‍ മോദിക്ക് സമാനമായി, ഭൂമി നമ്പര്‍ 401 എ ആണെന്നും നാല് ഉടമസ്ഥരില്‍ ഒരാളാണെന്നും പറയുന്നു. ഇരുവരും പറയുന്ന ഭൂമി സര്‍ക്കാരിന്റേതുമാണ്. 2000ത്തിനുശേഷം ഭൂമി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് 2012ല്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മോദി 26ന് വാരണാസിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഈ ഭൂമി സംബന്ധിച്ച് എന്താകും പറയുക എന്നതാണ് ശ്രദ്ധേയമായ കാര്യം.

error: Content is protected !!