മംഗളുരുവിൽനിന്നും കൊണ്ടുവന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: മംഗളുരുവിൽനിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുവന്ന പിഞ്ചുകുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. രാവിലെ 9 മണിമുതൽ വൈകിട്ട് നാല് മണിവരെ ഏഴ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് പൂർത്തിയായത്. കുഞ്ഞ് ഇപ്പോൾ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്.

പിഞ്ചുകുഞ്ഞായതിനാൽ വളരെ ശ്രദ്ധയോടെയായിരുന്നു ശസ്ത്രക്രിയ. കുഞ്ഞിന്റെ ഹൃദയം സങ്കോചിച്ചിരുന്നു. ഹൃദയത്തിന്റെ വാൽവിനുണ്ടായിരുന്ന തകരാറും പരിഹരിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ദമനിയിലുണ്ടായിരുന്ന തകരാറും പരിഹരിച്ചിട്ടുണ്ട്.

അടുത്ത 48 മണിക്കൂർ നിർണായകമായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു.

15 ദിവസം പ്രായമുള്ള കുഞ്ഞിനേയുംകൊണ്ട് മംഗലാപുറത്തുനിന്നും ചൊവ്വാഴ്ചയാണ് ആംബുലൻസ് കൊച്ചിയിലെത്തിയത്. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും സർക്കാർ ഇടപെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഴുവൻ ചികിത്സാ ചെലവും സർക്കാരാണ് വഹിക്കുന്നത്.

error: Content is protected !!