കിഫ്ബി മസാല ബോണ്ടുകൾ ലണ്ടനിൽ; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും

കിഫ്ബി മസാല ബോണ്ടുകളിൽ നിന്ന് വിദേശത്തു നിന്ന് വൻ നിക്ഷേപം ലഭിച്ചതിനു പിന്നാലെ കിഫ്ബി ബോണ്ടുകള്‍ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആഭിമുഖ്യമത്തിൽ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചു. മെയ് 17നാണ് ചടങ്ങ് നടക്കുക.

നേരത്തെ കേന്ദ്രസര്‍ക്കാരന്‍റെ ബോണ്ട് വിൽപ്പനയുടെ ഉദ്ഘാടനും കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ചടങ്ങായി സംഘടിപ്പിച്ചിരുന്നു. പ്രധാന ഓഹരികളുടെയും ബോണ്ടുകളുടെയും വിൽപ്പന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ചടങ്ങായി സംഘടിപ്പിക്കാറുള്ളത്. ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയ്ക്ക് ആദ്യമായാണ് ഇത്തരം ഒരു ചടങ്ങിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്‍റെ അനുമതി വേണം. അനുമതി ലഭിച്ചാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാനായി ലണ്ടനിലേയ്ക്ക് പോകും. വിദേശത്തു നിന്ന് മസാല ബോണ്ട് വഴി വൻ തുക നിക്ഷേപം ലഭിച്ചതിനെച്ചൊല്ലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്ര.

ഇന്ത്യൻ ഇന്ത്യൻ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ട് ഇതാദ്യമായാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതു തന്നെ. ലണ്ടനു പുറമെ കിഫ്ബി മസാല ബോണ്ടുകള്‍ സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2150 കോടി രൂപയ്ക്കാണ് വിദേശ കമ്പനികളുള്‍പ്പെടെ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നത്.

error: Content is protected !!